സ്വർണക്കടത്ത് കേസിൽ എഫ്‌ഐആറിലെ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ അടിയന്തരമായി ഹാജരാക്കണമെന്ന് എൻഐഎയോട് വിചാരണ കോടതി. അല്ലാത്തപക്ഷം പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്നും കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി എൻഐഎയോട് നിർദേശിച്ചു.
കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമർശം. പ്രതികൾക്കെതാരായ എഫ്.ഐ.ആറിലെ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകളും വിശദാംശങ്ങളടങ്ങിയ കേസ് ഡയറിയും ഉടൻ ഹാജരാക്കണമെന്ന് കോടതി എൻഐഎയോട് നിർദേശിച്ചു. ഇത് ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് പരിഗണിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും ഒരു പ്രത്യേക പട്ടിക നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം സ്വർണക്കടത്ത് കേസിൽ പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സന്ദീപിന്റെ രഹസ്യ മൊഴിയെടുക്കാൻ എൻഐഎ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.