പ്ലാനോ (ഡാലസ്) ∙ പ്ലാനോ ജാക്ക്കാർട്ടർ പാർക്കിനു സമീപം 18 കാരനായ ജേക്കബ് റസ്ക്ക്(JACOB RUSK) വെടിയേറ്റ് മരിച്ച കേസിൽ 18 വയസുള്ള രണ്ടു ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതായി പ്ലാനോ പൊലീസ് അറിയിച്ചു. ഇവരെ പിന്നീട് കോളിൻ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. രുദ്ര റോണക് കുമാർ പട്ടേൽ, അബ്ദുൾ റഹ്മാൻ അൽ ദുലൈമി എന്നിവരാണ് അറസ്റ്റിലായവർ. ഒക്ടോബർ 3 ശനിയാഴ്ചയായിരുന്നു സംഭവം.

>പ്രതികളും കൊല്ലപ്പെട്ട ജേക്കബും പരിചയക്കാരായിരുന്നുവെന്നും പ്രതികൾ ജേക്കബിനെ തന്നെ ലക്ഷ്യമിട്ടാണ് വെടിയുതിർത്തതെന്നും പൊലീസ് കരുതുന്നു. വെടിവെയ്പു നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പാർക്കിൽ എത്തിയത്. ഇതിനിടയിൽ വെടിയേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അധികം താമസിയാതെ ജേക്കബ് മരണമടഞ്ഞു. പ്ലാനോയിൽ നിന്നുള്ള ജേക്കബിനെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന് പ്രേരിപ്പിച്ചന്താണെന്ന് പൊലീസ് അന്വേഷിക്കുന്നു. പ്രതികൾക്ക് ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ പ്ലാനോ പൊലീസ് ഡിപ്പാർട്ട്മെന്റിൽ വിളിച്ചറിയിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.