ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി എംഎല്‍എ കുല്‍ദീപ് കുമാറിനെതിരെ കേസ്. കൊറോണ ബാധിതനായിട്ടും ഹത്രാസ് കുടുംബത്തെ സന്ദര്‍ശിച്ചതിനാണ് ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരിക്കുന്നത്. പകര്‍ച്ച വ്യാധി നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.
സെപ്റ്റംബര്‍ 29ന് കൊറോണ പോസിറ്റീവായെന്ന് അറിയിക്കുകയും തുടര്‍ന്ന് ഒക്ടോബര്‍ 4ന് ഹത്രാസ് സന്ദര്‍ശിക്കുന്ന വീഡിയോ കുല്‍ദീപ് കുമാര്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് ഹത്രാസ് എസ്പി പറഞ്ഞു. രോഗം സ്ഥിരീകരിച്ച് വെറും അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കുല്‍ദീപ് ഹത്രാസിലേയ്ക്ക് തിരിച്ചത്. കാറിലായിരുന്നു യാത്ര. ഹത്രാസിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായി കൃത്യമായ സാമൂഹിക അകലം പാലിക്കാതെയാണ് കുല്‍ദീപ് കുമാര്‍ ആശയവിനിമയം നടത്തിയതെന്നും വീഡിയോയില്‍ വ്യക്തമായിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി ഡല്‍ഹിയിലെ ബിജെപി ഘടകം രംഗത്തെത്തിയിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും കൊറോണ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് തന്നെ ഗുരുതരമായ കുറ്റം ചെയ്തത്. ഹത്രാസില്‍ ബിജെപിക്കെതിരെ ജനവികാരം ഉയര്‍ത്താനുള്ള ശ്രമത്തിനിടെ എംഎല്‍എ ജനങ്ങളെ മറന്നതായും വിമര്‍ശനമുയര്‍ന്നിരുന്നു.