കൊച്ചി: ചലച്ചിത്ര താരം ടൊവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരം. ടൊവിനോയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. വയറിനുള്ളിലെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കില്ലെങ്കിലും അദ്ദേഹം നാല്-അഞ്ച് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരും.

കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ടൊവിനോയ്ക്ക് അപകടം ഉണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റിട്ടും ടൊവിനോ ചിത്രീകരണം തുടര്‍ന്നു. പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആന്തരിക രക്തസ്രാവമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടൊവിനോയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ലോക്ക് ഡൗണിന് ശേഷം ഷൂട്ടിംഗ് ആരംഭിച്ച ആദ്യ ടോവിനോ ചിത്രമാണ് കള.