ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 163 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റൺസ് എടുത്തത്. 69 റൺസെടുത്ത ശിഖർ ധവാൻ ആണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. മുംബൈക്കായി കൃണാൽ പാണ്ഡ്യ 2 വിക്കറ്റ് വീഴ്ത്തി.

ഡൽഹി ക്യാപിറ്റൽസിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഡൽഹിക്ക് പൃഥ്വി ഷായെ നഷ്ടമായി. 4 റൺസെടുത്ത പൃഥ്വി ട്രെൻ്റ് ബോൾട്ടിൻ്റെ പന്തിൽ കൃണാൽ പാണ്ഡ്യ പിടിച്ചാണ് പുറത്തായത്. മൂന്നാം നമ്പറിൽ രഹാനെ എത്തി. ഈ കളിയിലൂടെ ഡൽഹിയിൽ അരങ്ങേറ്റം കുറിച്ച രഹാനെ ചില മനോഹര ഷോട്ടുകളുമായി തുടങ്ങിയെങ്കിലും വേഗം തന്നെ പുറത്തായി. 15 റൺസെടുത്ത രഹാനെയെ കൃണാൽ പാണ്ഡ്യ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.

ശ്രേയാസ് അയ്യരും ശിഖർ ധവാനും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്നിംഗ്സിൽ നിർണായകമായത്. മുംബൈ ബൗളർമാരെ ഫലപ്രദമായി നേരിട്ട ഇരുവരും ചേർന്ന് 85 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ശ്രേയാസ് അയ്യരെ പുറത്താക്കിയ കൃണാൽ പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 33 പന്തുകളിൽ 42 റൺസെടുത്ത ഡൽഹി ക്യാപ്റ്റനെ ട്രെൻ്റ് ബോൾട്ട് പിടികൂടുകയായിരുന്നു.

കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഒരു ഫിനിഷറുടെ റോൾ ഗംഭീരമായി നിർവഹിച്ച മാർക്കസ് സ്റ്റോയിനിസ് ആണ് നാലാം വിക്കറ്റിൽ ക്രീസിലെത്തിയത്. രണ്ട് ബൗണ്ടറിയോടെ സ്റ്റോയിനിസ് നന്നായി തുടങ്ങിയെങ്കിലും താരം നിർഭാഗ്യകരമായി റണ്ണൗട്ടായി. 13 റൺസെടുത്താണ് ഓസീസ് ഓൾറൗണ്ടർ പുറത്തായത്. ഇതിനിടെ 39 പന്തുകളിൽ ധവാൻ ഫിഫ്റ്റി തികച്ചു. ഇന്ത്യൻ ഓപ്പണറുടെ സീസണിലെ ആദ്യ ഫിഫ്റ്റിയാണ് ഇത്. ധവാൻ (69), അലക്സ് കാരി (14) എന്നിവർ പുറത്താവാതെ നിന്നു.