പാലാ സീറ്റ് വിട്ടുകൊടുത്ത് എല്‍.ഡി.എഫില്‍ തുടരാനാകില്ലെന്ന് മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയെ അറിയിച്ചെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല തന്നെ രംഗത്ത്. കാപ്പന്‍ ഫോണിലാണ് ചെന്നിത്തലയെ ബന്ധപ്പെടത്, എന്‍.സി.പി യുഡിഎഫിലേക്ക് വരാന്‍ തയ്യാറായാല്‍ ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹസനെ തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തി. കാപ്പന്‍ തന്നെ വിളിച്ചിട്ടില്ലെന്നും, യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞതിനെക്കുറിച്ച്‌ അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും ജോസ് കെ മാണിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസിനെ സ്‌നേഹിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനവിഭാഗങ്ങള്‍ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണിയുടെ ആത്മാവിനെ വഞ്ചിച്ചാണ് ജോസ് ഇടതുപക്ഷത്തേക്ക് പോയത്, എല്ലാ രാഷ്ട്രീയ മര്യാദകളും അദ്ദേഹം ലംഘിച്ചു, പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു, മാണിയെ നിയമസഭയില്‍ അപമാനിച്ചത് ഇടതുമുന്നണിയാണെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. മാണിയെ കള്ളനെന്ന് വിളിച്ചവരാണ് എല്‍.ഡിഎഫുകാര്‍, ജോസിനെ സ്വീകരിക്കുന്നതിലൂടെ എല്‍ഡിഎഫിന്റെ പാപ്പരത്തം പുറത്തായെന്നും ചെന്നിത്തല പറഞ്ഞു.