വെള്ളപ്പൊക്കക്കെടുതി നേരിടുന്ന ഹൈദരാബാദിൽ മാരകമായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വഴിയാത്രക്കാരിയായ യുവതി. നടന്ന് വരുന്നതിനിടെ വഴിയരികിലെ കെട്ടിടം തകർന്നു വീഴുമ്പോൾ മനസാന്നിധ്യത്തോടെ ഓടിമാറിയാണ് യുവതി രക്ഷപ്പെടുന്നത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹൈദരാബാദിലെ മൊഗൽപുര സബർബിലാണ് സംഭവം. ഒരു ക്ഷേത്രത്തിനരികിലൂടെ നടന്നുവരുന്ന യുവതിയെ വിഡിയോയിൽ കാണാം. ഇതിനു തൊട്ടരികിൽ, ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കെട്ടിടമാണ് തകർന്നു വീഴുന്നത്. ഓടിമാറിയില്ലായിരുന്നു എങ്കിൽ വഴിയാത്രക്കാരി കെട്ടിടത്തിനടിയിൽ കുടുങ്ങിയേനെ.
കഴിഞ്ഞ ദിവസങ്ങളിലായി ഹൈദരാബാദിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയിൽ കുതിർന്നതു കൊണ്ടാവാം കെട്ടിടം തകർന്നു വീണതെന്നാണ് പ്രാഥമിക നിഗമനം.