ന്യൂഡൽഹി: കൊറോണ വാക്സിനുകൾ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കാൻ അന്താരാഷ്ട്ര വ്യാപാര നിബന്ധനകളിൽ ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയും.  നിലവിലെ അന്താരാഷ്ട്ര വ്യാപാര കരാറുകൾ വാക്സിനുകൾ എളുപ്പം സംഘടിപ്പിക്കുന്നതിന് പല രാജ്യങ്ങൾക്കും തടസമുണ്ടാക്കുന്നതായും അതുകൊണ്ട് നിബന്ധനകളിൽ ഇളവ് വേണമെന്നും ഇന്ത്യ ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയെ പൂർണമായി പിന്തുണയ്ക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രാേസ് അഥനോം ഗബ്രിയേസസ് വ്യക്തമാക്കി.

പേറ്റന്റ് നിയമങ്ങൾ ഉൾപ്പെടെ ഇളവ് ചെയ്യണമെന്നാണ് ഇന്ത്യ ലോക വ്യാപാര സംഘടനയോട്
ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ദക്ഷിണാഫ്രിക്കയും ഇതേ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എല്ലാ രാജ്യങ്ങൾക്കും വാക്സിൻ ലഭ്യമാക്കണമെന്ന നിലപാടാണ് ലോകാരോഗ്യ സംഘടനയ്ക്കെന്ന് ടെഡ്രാേസ് അഥനോം ഗബ്രിയേസസ് വ്യക്തമാക്കി.

കൊറോണ വാക്സിനുകളും പരിശോധനാ കിറ്റുകളും മരുന്നുകളും ആവശ്യമുള്ള അളവിൽ മിതമായ നിരക്കിൽ ലഭ്യമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് ലോക വ്യാപാര സംഘടനയ്ക്ക് ഇന്ത്യ
നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിനുകൾക്കായി മത്സരം മുറുകുമ്പോൾ ദരിദ്ര രാജ്യങ്ങൾക്ക് ലഭിക്കാൻ പ്രയാസമാകുമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് ബൗദ്ധിക സ്വത്തവകാശ കരാർ ഉൾപ്പെടെയുളള അന്താരാഷ്ട്ര നിബന്ധനകളിൽ ഇളവ് നൽകാൻ തയ്യാറാകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

യു എസ്, യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം വാക്സിൻ നിർമ്മാതാക്കളുമായി ധാരണകൾ ഉണ്ടാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവശ്യത്തിന് പ്രസക്തിയേറുന്നത്.