മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി കര്‍ഷക പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് തൃശ്ശിലേരിയിലെ നെല്‍പ്പാടങ്ങളിലെത്തി. തിരുനെല്ലി അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഫീല്‍ഡ് സന്ദര്‍ശിച്ച രാഹുല്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തി. മാനന്തവാടി ജില്ലാ ആശുപത്രിയിലും സന്ദര്‍ശനം നടത്തിയാണ് രാഹുല്‍ മടങ്ങിയത്.
കര്‍ഷക പ്രശ്നങ്ങള്‍ രാജ്യമെങ്ങും ചര്‍ച്ചയാകുമ്പോഴാണ് സ്വന്തം മണ്ഡലത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ രാഹുല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. നെല്പ്പാടത്തും തുടര്‍ന്ന് കര്‍ഷകരുടെ തന്നെ മില്ലിലുമെത്തിയ രാഹുല്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നേരിട്ട് മനസിലാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിയ രാഹുല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ആര്‍ത്രോസ്കോപ്പി യൂണിറ്റിന്റെയും വെന്റിലേറ്റര്‍ യൂണിറ്റിന്റേയും ഉദ്ഘാടനം നിര്‍വഹിച്ചു. രാവിലെ ജില്ലാ യുഡിഎഫ് നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദങ്ങള്‍ക്കിടെയുള്ള സന്ദര്‍ശനത്തിലും സംസ്ഥാന സര്‍ക്കാറിനെതിരെ കാര്യമായ വിമര്ശനങ്ങളുന്നയിക്കാതെയാണ് രാഹുലിന്റെ മടക്കം.