തിരുവനന്തപുരം: നിയമനം പി.എസ്.സിക്ക് വിട്ടിട്ടും സ്പെഷല്‍ റൂള്‍ ഉണ്ടാക്കാതെ നടപടികള്‍ വൈകിക്കുന്ന സാഹചര്യത്തില്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന ടാസ്ക് ഫോഴ്സിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബോര്‍ഡുകളിലെയും കോര്‍പറേഷനുകളിലെയും നിയമനം പി.എസ്.സിക്ക് വിട്ടിട്ടും വിശേഷാല്‍ ചട്ടങ്ങളും റിക്രൂട്ട്മെന്റ് ചട്ടങ്ങളും ഉണ്ടാക്കിയിരുന്നില്ല.
15ഉം 20ഉം വര്‍ഷമായിട്ടും സ്പെഷല്‍ റൂള്‍ ഉണ്ടാക്കാത്ത സ്ഥാപനങ്ങളുണ്ട്. ഏതാനും മാസം മുമ്പ് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നിയമസഭസമിതിയുടെ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നിട്ടും പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നവംബര്‍ 30നകം നടപടി പൂര്‍ത്തിയാക്കാന്‍ ടാസ്ക് ഫോഴ്സിനെ നിയമിച്ചത്.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ്, ധന അഡീഷനല്‍ ചീഫ് സെക്രട്ടറി രാജേഷ്കുമാര്‍ സിങ്, ആസൂത്രണ-സാമ്ബത്തിക കാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി േഡാ. വി. വേണു, നിയമവകുപ്പ് സെക്രട്ടറി പി.കെ. അരവിന്ദ ബാബു എന്നിവരാണ് ടാക്സ് ഫോഴ്സില്‍.
ചട്ടങ്ങളുടെ രൂപവത്കരണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ചൊവ്വാഴ്ച ഉത്തരവിറക്കിയത്.