ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. 28ആം തീയതി ബുധനാഴ്ചയാണ് വിധി. അതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ അനുവാദമില്ല. അതേ സമയം, സ്വർണമടങ്ങിയ കാർഗോ വിട്ടുകിട്ടാൻ കസ്റ്റംസിനെ ശിവശങ്കർ വിളിച്ചു എന്ന ഇഡിയുടെ വാദം അദ്ദേഹത്തിനു തിരിച്ചടിയാവും. സീൽഡ് കവറിൽ തെളിവുകൾ ഇഡി കോടതിക്ക് കൈമാറുകയും ചെയ്തു.
അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, താൻ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരിൽ തന്നെ മാനസികമായ പീഡിപ്പിക്കുകയാണെന്നുമാണ് ശിവശങ്കർ കോടതിയെ അറിയിച്ചത്.
കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് സിംഗിൾ ബഞ്ച് 23 വരെ തടഞ്ഞിരുന്നു.