ചെന്നൈ: ലോക്സഭ എം.പിയും വിടുതലൈ ചിരുതൈഗല്‍ കച്ചി (വി.സി.കെ) അധ്യക്ഷനുമായ തിരുമാവളവന് നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് നടിയും ബി.ജെ.പി വക്താവുമായ ഖുഷ്ബു. തിരുമാവളവന്റെ പരാമര്‍ശങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാണ്. ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ല. ഒരു പാര്‍ട്ടി നേതാവ് പറഞ്ഞാല്‍ അത് സ്വീകാര്യമല്ലെന്നും അദ്ദേഹം ക്ഷമ ചോദിക്കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
വി.സി.കെയുടെ സഖ്യകക്ഷിയായ ഡി.എം.കെ, കോണ്‍ഗ്രസ് എന്നിവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഈ പാര്‍ട്ടികളുടെ മറുപടി എന്താണ്?. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയപ്പോള്‍ അവരുടെ നേതാക്കള്‍ പറഞ്ഞു, ഞാന്‍ ഒരു അഭിനേത്രി മാത്രമാണ്. ഇപ്പോള്‍ അവര്‍ ഇക്കാര്യത്തില്‍ എന്താണ് പറയാന്‍ പോകുന്നത്? -ഖുശ്ബു ചോദിച്ചു
ഡി.എം.കെ സ്ത്രീകളെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് എനിക്കറിയാം. എന്തുകൊണ്ടാണ് കനിമൊഴി തിരുമാവളവന്റെ പരാമര്‍ശത്തിനെതിരെ ഒന്നും പറയാത്തതെന്നും ഖുശ്ബു കുറ്റപ്പെടുത്തി.
ഹൈന്ദവ വേദങ്ങളിലും മനുസ്മൃതിയിലും സ്ത്രീകളെ വേശ്യകളെന്നാണ് പരാമര്‍ശിക്കുന്നതെന്ന തിരുമാവളവന്റെ പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത്. പെരിയോര്‍ ഗ്രൂപ്പ് സംഘടിപ്പിച്ച ഒാണ്‍ലൈന്‍ സെമിനാറിലാണ് ചിദംബരം എം.പിയുടെ വിവാദ പരാമര്‍ശം.
സ്ത്രീകളെയും പിന്നാക്ക ജാതികളെയും തദ്ദേശീയ വിഭാഗങ്ങളെയും അപമാനിക്കുകയും അവര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന മനുസ്മൃതി നിരോധിക്കണമെന്നും തിരുമാവളവന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മനുസ്മൃതി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പ്രക്ഷോഭം സംഘടിപ്പിക്കാനും വി.സി.കെ ആഹ്വാനം ചെയ്തിട്ടുണ്ട്.