ന്യൂയോര്‍ക്ക്∙ അമേരിക്കന്‍ മലയാളികളുടെ ജനപ്രിയ ഫെഡറേഷനായ ഫോമായുടെ ചരിത്രപുസ്തകത്തില്‍ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് അനിയന് ജോര്‍ജ് (പ്രസിഡന്റ്), ടി. ഉണ്ണികൃഷ്ണന് (ജനറല്‍ സെക്രട്ടറി), തോമസ് ടി. ഉമ്മന്‍ (ട്രഷറര്‍), പ്രദീപ് നായര്‍ (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട് (ജോയിന്റ് സെക്രട്ടറി), ബിജു തോണിക്കടവില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ നേതത്വം നല്കുന്ന ഭരണസമിതിക്ക് അധികാരം കൈമാറി. കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 24-ാം തീയതി വൈകുന്നേരം ന്യൂയോര്‍ക്ക് ടൈം 3ന് ആരംഭിച്ച വെര്‍ച്വല്‍ സൂം മീറ്റിങ്ങിലായിരുന്നു ഔദ്യോഗികമായ അധികാര കൈമാറ്റം. സംഘടനയുടെ 2018-20 വര്‍ഷത്തെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥാനമൊഴിയുന്ന കമ്മിറ്റിയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, കണക്ക് അവതരണം, പുതിയ പ്രസിഡന്റ് അനിയന് ജോര്‍ജിന്റെ നയപ്രഖ്യാപനം, സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്ണന്റെ വരുന്ന രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ, ട്രഷറര്‍ തോമസ് ടി ഉമ്മന്റെ ബജറ്റ് അവതരണം തുടങ്ങിയവയായിരുന്നു ഹൈലൈറ്റുകള്‍.
റോഷന് മാമന്റെ ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍ ഫോമായുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളുടെ സംക്ഷിപ്ത അവലോകനമാണ് ഫിലിപ്പ് ചാമത്തില്‍ നടത്തിയത്. ഫോമായുടെ അംഗസംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഹൃദയപൂര്‍വമായ പിന്തുണയോടു കൂടി കോവിഡ് മഹാമാരിക്കിടയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതായി ഫിലിപ്പ് ചാമത്തില്‍ വ്യക്തമാക്കി.
കേരളത്തെ ഞെട്ടിച്ച പ്രളയം, ലോകത്തിന് ഭീഷണിയായ കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ 2018-20 കമ്മിറ്റിക്ക് കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. ഈ രണ്ടു വര്‍ഷക്കാലം സംഭവ ബഹുലമായിരുന്നു. എങ്കിലും ജീവകാരുണ്യ പദ്ധതികള്‍ക്ക് മാത്രമായി ഏകദേശം $300,000 ഡോളര്‍ വിനിയോഗിക്കുകയും അവ വിജയകരമായി നടപ്പാക്കാന്‍ സാധിക്കുകയും ചെയ്തു. കേരളത്തിലെ മൂന്ന് ജില്ലകളിലായി വിഭാവനം ചെയ്ത പ്രളയത്തെ അതിജീവിക്കുന്ന 40 വീടുകളുടെ ഫോമാ വില്ലേജ് പ്രൊജക്ടാണ് പ്രവര്‍ത്തന നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം. 36 വീടുകള്‍ പൂര്‍ണമായും നിര്‍മിച്ചു കഴിഞ്ഞു. നാല് വീടുകളുടെ നിര്‍മ്മാണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാവും. മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) ആണ് എറ്റവുമധികം വീടുകള്‍ സംഭാവന ചെയ്തത്. (ആറ് വീടുകള്‍). ഇതിന്റെ മുഴുവൻ പണവും തണല്‍ എന്ന സംഘടനയ്ക്ക് നേരത്തെ തന്നെ കൈമാറിയിട്ടുണ്ട്…” ഫിലിപ്പ് ചാമത്തില്‍ തുടര്‍ന്നു.
‘വൈപ്പിനില്‍ ഒരു വീട് നിര്‍മ്മിച്ചു നല്കി. നോയല്‍ മാത്യു മലപ്പുറത്ത് നല്കിയ സ്ഥലത്ത് മൂന്ന് വീടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഫോമാ കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയോട് ചേര്‍ന്ന് 11 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. ഈ കമ്മറ്റിയുടെ പ്രവര്‍ത്തന കാലത്ത് ഹൂസ്റ്റണിലെ ജിജു കുളങ്ങരയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, സോഷ്യല്‍ വര്‍ക്കേഴ്സ്, ഫാര്‍മസിസ്റ്റുകള്‍ എന്നിവരടങ്ങുന്ന 30 അംഗ മെഡിക്കല്‍ ടീമിനെ കേരളത്തിലെത്തിക്കുകയും മൂന്ന് ജില്ലകളിലായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ സൗജന്യ ശസ്ത്രക്രിയകള്‍ നടത്തി. പ്രളയ കാലത്ത് ഫോമായുടെ ടീം വിവിധ ജില്ലകളില്‍ എത്തി നേരിട്ട് നല്കിയ സഹായങ്ങള്‍ അനേകം പേര്‍ക്ക് ആശ്വാസമായി…” ഫിലിപ്പ് ചാമത്തില്‍ ചൂണ്ടിക്കാട്ടി.