കുവൈത്ത് സിറ്റി: ഷെയ്ഖ് സബ അല്‍ ഖാലിദിനെ വീണ്ടും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി കുവൈത്ത് അമീര്‍ നിയമിച്ചു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വന്നതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കുവൈത്ത് എമിര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബ നിലവിലെ പ്രധാനമന്ത്രിയെ വീണ്ടും തല്‍സ്ഥാനത്ത് നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ഷെയ്ഖ് സബ തന്റെ രാജി രണ്ട് ദിവസം മുമ്ബ് സമര്‍പ്പിച്ചിരുന്നുവെന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സഹോദരന്റെ മരണശേഷം സെപ്റ്റംബറില്‍ ഗള്‍ഫ് രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത ശൈഖ് നവാഫ് പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഷെയ്ഖ് സബയോട് ആവശ്യപ്പെട്ടു. പുതിയ മന്ത്രിസഭയ്ക്ക് അമീര്‍ അംഗീകാരം നല്‍കേണ്ടിവരുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ഞായറാഴ്ച പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ നിലവിലെ എംപിമാരില്‍ കൂടുതല്‍ പേരും പരാജയപ്പെട്ടിരുന്നു. 43 സിറ്റിങ് എംപിമാര്‍ മത്സരിച്ചതില്‍ 24 പേര്‍ പരാജയപ്പെട്ടപ്പോള്‍ 19 പേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ എംപിമാര്‍ ഉള്‍പ്പടെ ആകെ 342 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റുകളും ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങളുമാണ് മുന്‍തൂക്കം ഉണ്ടാക്കിയത്. അതേസമയം കഴിഞ്ഞ പാര്‍ലമെന്റിലെ ഏക വനിതാ അംഗവും വിദേശീയര്‍ക്കെതിരെ നടത്തിയ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിക്കുകയും ചെയ്ത സഫാ അല്‍ ഹാഷിം ഉള്‍പ്പടെ 29 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരില്‍ ആരും ഇത്തവണ വിജയിച്ചിരുന്നില്ല.