ചേര്‍ത്തല നാട് നടുങ്ങിയ പ്രളയനാളുകളില്‍ വ്യാജവാര്‍ത്തകള്‍ നല്‍കി വേട്ടയാടിയതാണ് ഓമനക്കുട്ടനെന്ന സഖാവിനെ. ദുരിതാശ്വാസക്യാമ്ബില്‍ പണപിരിവു നടത്തിയെന്ന് പറഞ്ഞ് മാധ്യമങ്ങളും തല്‍പര്യകക്ഷികളും അധിക്ഷേപിച്ച അതേ ഓമനക്കുട്ടനെ ഇന്ന് തെളിമയാര്‍ന്ന ചിരിയോടെ മാധ്യമങ്ങള്‍ വീണ്ടും ആഘോഷിക്കുകയാണ്. ഓമനക്കുട്ടനെന്ന സുകൃതിയുടെ അച്ഛനെ. കഷ്ടപാടുകള്‍ക്കിടയിലും മികച്ച റാങ്കില്‍ എംബിബിഎസ് പ്രവേശനം നേടിയ മകള്‍ സൃകൃതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചേര്‍ത്ത് പിടിച്ചു തലയുയര്‍ത്തി നില്‍ക്കുകയാണ് ആ അച്ഛന്‍ .

സിപിഐ എം കുറുപ്പംകുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗമാണ് ഓമനക്കുട്ടന്‍.ചേര്‍ത്തലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്ബില്‍ ഭക്ഷണമൊരുക്കാന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി,70 രൂപാ ഓട്ടോറിക്ഷാ കൂലി സ്വരൂപിച്ചതിനെ ‘ദുരിതാശ്വാസ ക്യാമ്ബില്‍ സിപിഐ എം നേതാവിന്റെ പണപ്പിരിവ് ‘ എന്ന തലക്കെട്ടോടെയാണ് വാര്‍ത്തകള്‍ നല്‍കിയിരുന്നത്.

മണ്ണില്‍ പണിയെടുത്തും പാറയോട് മല്ലിട്ടും ഓമനക്കുട്ടന്‍ ജീവിക്കുന്നത് മക്കളായ സുകൃതിയ്ക്കും ദൃതിനയ്ക്കും വേണ്ടിയാണ്. ഒപ്പം സമൂഹത്തിന് നന്മ ചെയ്യുന്ന പൊതുപ്രവര്‍ത്തകനായും. അച്ഛന്റെ കഷ്ടപ്പാടിനൊപ്പം സുകൃതിയുടെ പ്രയത്നവും ചേര്‍ന്നപ്പോള്‍ ഡോക്ടറാകണമെന്ന സ്വപ്നം സാഫല്യമാകുകയാണ്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശനം ലഭിച്ചത്.

ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കണ്ണികാട് ഭാവനാലയത്തില്‍ ഓമനക്കുട്ടന് പച്ചക്കറി കൃഷിയും കല്‍പ്പണിയുമാണ്. അതില്‍നിന്നു കിട്ടുന്നതും കൂടാതെ ലോണെടുത്തുമാണ് കുട്ടികളെ പഠിപ്പിക്കുന്നത്.ഭാര്യ രാജേശ്വരിക്കും കൂലിപ്പണിയാണ്. . സുകൃതിയുടെ ആഗ്രഹം സാധ്യമാക്കാന്‍ രണ്ട് വര്‍ഷം മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് സ്വകാര്യ സ്ഥാപനത്തില്‍ പരിശീലനം നല്‍കി. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി എച്ച്‌എസ്‌എസില്‍ 86 ശതമാനം മാര്‍ക്കോടെ 10﹣-ാം ക്ലാസും 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവും വിജയിച്ചുരുന്നു.

ആദ്യവര്‍ഷം പരീക്ഷയില്‍ റാങ്കില്‍ പിന്നോക്കമായെങ്കിലും തളരാത്ത സുകൃതി പരിശീലനം തുടര്‍ന്നു. ഇത്തവണ വിജയം അവള്‍ക് കൊപ്പം നിന്നു.. ഡോക്ടറാകണമെന്ന് കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചതാണെന്ന് സുകൃതി പറഞ്ഞു.

അടുത്തിടെയാണ് ഓമനകുട്ടന്‍ കൊച്ചിന്‍ റിഫൈനറിയില്‍ കരാര്‍ തൊഴിലാളിയായത്. ഇളയമകള്‍ ദൃതിന അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 10﹣-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

മന്ത്രി ടി എം തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ സുകൃതിയെ ഫോണില്‍ അഭിനന്ദിച്ചു. പഠനത്തിന് ആവശ്യമായതെല്ലാം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചതായി ഓമനക്കുട്ടന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, എ എം ആരിഫ് എംപി തുടങ്ങിയവര്‍ വീട്ടിലെത്തി അനുമോദിച്ചു. സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നും അനേകംപേര്‍ ഫോണില്‍ അഭിനന്ദനം അറിയിച്ചു. രാവിലെ മുതല്‍ ഫോണ്‍വിളിയുടെ പ്രവാഹമാണെന്ന് ഓമനക്കുട്ടന്‍ പറഞ്ഞു. സുകൃതിയുടെ അഭിമാനനേട്ടം സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് അഭിനന്ദന പ്രവാഹം.