ഫിലഡൽഫിയ∙ ഇതാദ്യമായി അമേരിക്കയിൽ ദേശീയതലത്തിൽ ആഘോഷിക്കുന്ന " ദേശീയ ഓണാഘോഷം ’21", ജനനിബിഡമാകുമെന്നും ചരിത്ര സംഭവമാകുമെന്നും ഓണാഘോഷ ചെയർമാൻ വിൻസന്റ് ഇമ്മാനുവേൽ പറഞ്ഞു. കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൽ, ഏഴു വേദികളാണ് പ്രശസ്ത രംഗപട ശിൽപി ബാബൂ ചീയേഴം (ഫ്ളോറിഡ) രൂപ കൽപ്പന ചെയ്യുന്നത്. സംസ്ഥാന ഗവർണന്മാരുൾപ്പെടെയുള്ള പ്രശസ്തരുടെ സാന്നിദ്ധ്യം ക്ഷണിച്ചിട്ടുണ്ടെന്നു ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ പറഞ്ഞു.
കോവിഡ് മഹാമാരിയുടെ നരകതാണ്ഡവത്തിൽ നിന്നു ശാസ്ത്രീയമായ മുൻ കരുതലുകളിലൂടെ അകലം നേടുന്ന അമേരിക്കൻ ജനതയുടെ ഉയിരുണരുന്ന കാർഷികകാല ഉത്സവമുന്നോടി എന്ന നിലയിൽ ‘നാഷണൽ ഓണം ഫെസ്റ്റ്’21" ന് നൂതനമായ അർത്ഥവ്യാപ്തി കൈവരികയാണ്. കേരളം കോറോണാ വൈറസ്സിന്റെ വ്യാപനത്താൽ പലപ്പോഴും അടച്ചു പൂട്ടലുകളിൽ തളയുമ്പോൾ പോലും കേരള നാടിന്റെ ദേശീയോത്സവമായ തിരുവോണത്തെ ഗംഭീര പ്രൗഢികളോടെ ദേശീയ തലത്തിൽ ആഘോഷിക്കാൻ അമേരിക്കൻ മലയാളികളിലൂടെ കാലം കരുതിവച്ച കർമപദ്ധതിയായി "നാഷണൽ ഓണം ഫെസ്റ്റ്’21" മാറുന്നൂവെന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറൽ സെക്രട്ടറി സാജൻ വർഗീസ് ചൂണ്ടിക്കാണിച്ചു.
ശാസ്ത്രീയ മുൻകരുതലുകളുടെ പ്രായോഗികമായ ക്രമീകരണങ്ങൾക്കു വേണ്ടി പാസ് മുഖേന പ്രവേശനം നിയന്ത്രിക്കുന്നതാണെന്ന് ട്രഷറാർ രാജൻ സാമുവേൽ പ്രസ്താവിച്ചു. ട്രൈസ്റ്റേറ്റ് എന്ന പദത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ഹെലികോപ്റ്ററിൽ വരുന്ന മഹാബലിയെ വഞ്ചിപ്പാട്ടിന്റെ ആരവങ്ങളോടെ, മെഗാതിരുവാതിരയുടെയും കരിമരുന്നു കലാ പ്രകടനങ്ങളുടെയും, ആകാശ പുഷ്പ വൃഷ്ടിയുടെയും നൃത്ത സംഗീതോത്സവങ്ങളുടെയും അകമ്പടികളോടെ വരവേൽക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങൾ പങ്കെടുക്കും. പ്രഗത്ഭരെ ആദരിക്കും. കെങ്കേമ ഓണസദ്യയും പായസ മേളയും ഓണക്കോടി മോടിയിലുടുത്തെത്തുന്ന ദമ്പതിമാർക്ക് സമ്മാനങ്ങളും ഉൾപ്പെടെ; കാർണ്ണിവൽ സ്റ്റൈലിലുള്ള ഉത്സവ-പെരുന്നാൾ-പിക്നിക്ക്-സമ്മേളന മേളയായാണ് ഓഗസ്റ്റ് 21, ശനിയാഴ്ച്ച വൈകുന്നേരം മൂന്നു മണി മുതൽ രാത്രി 10 വരെ "ദേശീയ ഓണാഘോഷം’21" അണിഞ്ഞൊരുങ്ങുന്നത്.