ഡാലസ് ∙ ഹൂസ്റ്റണിൽ മത്യാസ് അൽമേഡ സോക്കർ ട്രെയിനിങ് ക്യാംപിൽ ജൂലൈയ് 25ന് ഉണ്ടായ വെടിവെയ്പ്പിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു കൊണ്ടിരുന്ന പന്തുകളി മത്സരം നടക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. 28 വയസ്സുള്ള ഗർഭിണിയായി യുവതിയെയും 35 വയസ്സുള്ള യുവാവിനെയും പ്രതി വെടിവയ്ക്കുകയായിരുന്നു. നിരവധിതവണ വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. ആശുപത്രിയിൽവച്ചായിരുന്നു യുവതിയുടെ അന്ത്യം .
സംഭവസ്ഥലത്തുനിന്നും 10 മൈൽ ദൂരം ഒരു വീട്ടിൽനിന്നും പ്രതിയെന്നു കരുതുന്ന യുവാവിന്റെ മൃതദേഹം നിരവധി വെടിയുണ്ടകൾ തറച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയും യുവാവും തമ്മിൽ കുറച്ചു കാലം സുഹൃത്തുക്കളായി ജീവിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബസുഹൃത്ത് പൊലീസിനെ അറിയിച്ചു.
ആദ്യമായാണ് ഇങ്ങനെയൊരു സംഭവം ഹാരിസ് കൗണ്ടയിൽ നടക്കുന്നത് എന്ന് ഷെരീഫ് ഗോൺസാലസ് വെളിപ്പെടുത്തി. കൊലപാതകത്തിൻറ്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയുടെയും കൊല്ലപ്പെട്ടവരുടെയും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.