തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളിക്കേസില്‍ പ്രതികരിച്ച് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ‘മന്ത്രി വി ശിവന് കുട്ടിക്കെതിരെ നിലവില്‍ നടപടിയൊന്നും വന്നിട്ടില്ല. കേസ് ഇനിയാണ് വിചാരണയിലേക്ക് നീങ്ങുന്നത്’- എ വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു.
‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തില്‍ യുഡിഎഫിന് കടുത്ത നിരാശയുണ്ട്. അതുകൊണ്ട് കേരളത്തിലെ എല്ലാ കാര്യങ്ങളിലും ആ നിരാശയില്‍ നിന്നുത്ഭവിക്കുന്ന അഭിപ്രായ പ്രകടനങ്ങളും അവര്‍ നടത്താറുണ്ട്. അത് ഈ വിധി വന്നപ്പോള്‍ മന്ത്രി രാജി വെക്കണമെന്ന് പറഞ്ഞു. ഈ വിഷയത്തിനു മുമ്ബ് കിറ്റ് കൊടുത്തത് തെറ്റാണെന്നാണ് യുഡിഎഫ് പറഞ്ഞത്’- എ വിജയരാഘവന് ആരോപിച്ചു.
അതേസമയം നിയമസഭാ കൈയ്യാങ്കളിക്കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.