കേരളത്തിന് പുതിയ റെയിൽവേ സോണില്ല. ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതാണ് ഇക്കാര്യം കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
വരുമാനം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പരിഗണിച്ചാണ് പുതിയ സോൺ അനുവദിക്കുന്നത്. കേരളത്തിന്റെ അപേക്ഷ പരിശോധിച്ചുവെങ്കിലും പ്രായോഗികമല്ലെന്ന് വ്യക്തമായി. തിരുവനന്തപുരം, മധുര ഡിവിഷനുകൾ ലയിപ്പിക്കാൻ നീക്കമില്ലെന്നും മന്ത്രി അറിയിച്ചു.
കേരളത്തിന്റെ റെയിൽവേ വികസനം വേഗത്തിലാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ചേർത്ത് എറണാകുളം ആസ്ഥാനമാക്കി പുതിയ സോൺ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയയ്ക്കുകയും ചെയ്തിരുന്നു.