ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്തംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍നിന്ന് ഈ ഹര്‍ജികള്‍ നീക്കരുതെന്ന് സുപ്രീംകോടതി പ്രത്യേകം നിര്‍ദേശിച്ചു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ചിന്റെതാണ് നിര്‍ദേശം.
ഹര്‍ജികള്‍ പരിഗണിക്കുന്നത് നിരന്തരം മാറ്റിവയ്ക്കുന്നതായി അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. ടി.പി നന്ദകുമാറിന്റെ അഭിഭാഷകയാണ് എം.കെ അശ്വതി. പിണറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2018 ജനുവരി 11നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചിരുന്നു.