ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താനാവില്ലെന്ന് ആം ആദ്മി പാര്‍ട്ടി. തന്റെ സര്‍ക്കാരിലെ 40 എംഎല്‍എമാര്‍ക്കായി വാഗ്ദാനം ചെയ്ത 800 കോടിയുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു.

ഡല്‍ഹി സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി കോടികള്‍ വാഗ്ദാനം ചെയ്തതായി ആരോപണമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി തന്റെ വസതിയില്‍ എംഎല്‍എമാരുടെ യോഗം ഇന്ന് വിളിച്ചിരുന്നു. ഈ യോഗത്തില്‍ 53 എംഎല്‍എമാര്‍ പങ്കെടുത്തെന്നാണ് നേതാക്കള്‍ അറിയിച്ചത്. സംസ്ഥാനത്തില്ലാത്ത എംഎല്‍എമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നും നേതാക്കള്‍ പറഞ്ഞു. ഇന്ന് പതിനൊന്നു മണിക്ക് യോഗം വിളിച്ചപ്പോള്‍ എത്താതിരുന്ന എംഎല്‍എമാരെ വിളിച്ചിട്ടു കിട്ടുന്നില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

70 അംഗ നിയമസഭയില്‍ 62 എംഎല്‍എമാരാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. ബിജെപിക്ക് എട്ട് എംഎല്‍എമാരും. ഓപ്പറേഷന്‍ താമര പരാജയപ്പെട്ടതില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തി. മദ്യനയവുമായി ബന്ധപ്പെട്ട വിവാദത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ആം ആദ്മി പാര്‍ട്ടി രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തിയതെന്ന് ബിജെപി പരിഹസിച്ചു.