ന്യൂഡൽഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാരസോഫ്റ്റ്വെയര് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇത് പെഗാസസ് സോഫ്റ്റ്വെയര് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ആര്.വി.രവീന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്.
മൂന്ന് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിലെ എന്തൊക്കെ കാര്യങ്ങള്‍ വെളിപ്പെടുത്താം എന്ന കാര്യത്തില്‍ കോടതി നാലാഴ്ചയ്ക്കുശേഷം തീരുമാനമെടുക്കും.
രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍, ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷിക്കാന്‍ കേന്ദ്രം ഇസ്രായേലിന്റെ പെഗാസസ് സോഫ്റ്റ്വെയര് ഉപയോഗിച്ചെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോടതി സമിതിയെ നിയോഗിച്ചത്.