ഇന്ത്യയെ സംബന്ധിച്ച മറ്റൊരു വിവാദ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലില്‍ ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ അതികായനായ ഒരു ബാങ്കിനെക്കുറിച്ചായിരിക്കുമെന്നാണ് ലഭ്യമായ വിവരം. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കൃത്രിമം കാണിച്ചെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.

ഈ വര്‍ഷം ജൂണില്‍ ഇന്ത്യയുടെ ഓഹരിവിപണി നിയന്ത്രണ ബോര്‍ഡായ സെബി, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് നോട്ടീസ് നല്‍കിയിരുന്നതായി കമ്പനി വെളിപ്പെടുത്തി. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു സെബിയുടെ കണ്ടെത്തല്‍.

എന്നാല്‍ രാജ്യത്തെ നിയന്ത്രണ എജന്‍സിയായ സെബിയുടെ കത്ത് ‘അസംബന്ധ’മാണെന്നും ഇന്ത്യയിലെ അഴിമതി തുറന്നുകാണിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിച്ചു.

അദാനി ഗ്രൂപ്പിന്റെ ധനസമാഹരണത്തില്‍ മുഖ്യശ്രോതസായ ഒരു ബാങ്കിന്റെ ഇടപെടലുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബോധപൂര്‍വം സെബി തങ്ങള്‍ക്കു നല്‍കിയ കത്തില്‍ മറച്ചുവച്ചിരിക്കുകയാണെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. ശക്തരായ ഇന്ത്യന്‍ വ്യവസായികളെ സെബി സംരക്ഷിക്കുകയാണെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു.

അദാനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വലിയ വിവാദത്തിനു കാരണമായിരുന്നു. 2023 ജനുവരി 24 നായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. അദാനി ഗ്രൂപ്പില്‍ അടിമുടി തട്ടിപ്പാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം. ഈ ആരോപണം പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ ഇടിവാണുണ്ടായത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആഗോളതലത്തില്‍ അദാനിയുടെ ഓഹരികളെക്കുറിച്ച് വിശദപരിശോധന നടത്തുകയുണ്ടായി.