തിരുവനന്തപുരം: വിഴിഞ്ഞത്ത് ആധുനിക മീന്‍പിടിത്ത തുറമുഖം ഉടന്‍. 140 കോടി മുടക്കുമുതലില്‍ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ അന്തിമഘട്ടത്തിലാണ്. വിഴിഞ്ഞത്തെ നിലവിലെ മീന്‍പിടിത്ത തുറമുഖത്തിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുമിടയിലുള്ള വലിയ കടപ്പുറത്താണ് തുറമുഖം വരുന്നത്. കേരള സര്‍ക്കാരിനായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡാണ്(വിസില്‍) വിഴിഞ്ഞത്ത് പുതിയ തുറമുഖം രൂപകല്പനചെയ്തു നിര്‍മിക്കുന്നത്.

വമ്പന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കുള്‍പ്പെടെ ഉള്ളവയ്ക്ക് അടുക്കാന്‍ പറ്റുന്ന രീതിയില്‍ 500 മീറ്റര്‍ നീളമുള്ള ബര്‍ത്താണ് പണിയുന്നത്. പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനാണ്(സി.ഡബ്‌ള്യു.പി.ആര്‍.എസ്.) രൂപരേഖ തയ്യാറാക്കുന്നത്.

70 കോടി രൂപ തുറമുഖനിര്‍മാണത്തിനും 70 കോടി പുലിമുട്ട് നിര്‍മാണത്തിനുമാണ് ഉപയോഗിക്കുന്നത്. നേരത്തേ അദാനി തുറമുഖ കമ്പനിയെക്കൊണ്ട് നിര്‍മാണം നടത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ആദ്യഘട്ടത്തിലെ രൂപരേഖയില്‍ കാര്യമായ മാറ്റം വന്നതിനാല്‍, നിര്‍മാണത്തിന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കേണ്ടിവരും. എന്നാല്‍, തുറമുഖനിര്‍മാണ മേഖലയില്‍ അദാനി ഗ്രൂപ്പിനുള്ള സാങ്കേതികവൈദഗ്ദ്ധ്യം മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തണമെന്ന വാദവും സര്‍ക്കാര്‍ പരിഗണിക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇവിടെനിന്നുള്ള മത്സ്യ കയറ്റുമതിയും ലക്ഷ്യമിട്ടാണ് പുതിയ തുറമുഖം നിര്‍മിക്കുക. കയറ്റുമതിക്കായുള്ള മീന്‍, ബോട്ടുകളില്‍ എത്തിക്കുന്നതിനു മുതല്‍ പായ്ക്കുചെയ്യുന്നതിനു വരെ അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. പുതിയ തുറമുഖത്തെ വാര്‍ഫും മറ്റും ഈ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

വിഴിഞ്ഞം പള്ളിക്കു സമീപത്തെ പഴയ തുറമുഖം 45 കോടി രൂപ മുടക്കിയാണ് ആധുനികീകരിക്കുന്നത്. ഇതിനോടൊപ്പം മൊഹിയുദ്ദീന്‍ പള്ളിയോടു ചേര്‍ന്നുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ ഭാഗം 25 കോടി മുടക്കിയും നവീകരിക്കും. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍, പുതിയ മീന്‍പിടിത്ത തുറമുഖം നിര്‍മിക്കാനായിരുന്നു നേരത്തേ തീരുമാനം. എന്നാല്‍, സാങ്കേതികപ്രശ്‌നങ്ങളും മറ്റും കാരണം ഇതു നീണ്ടുപോവുകയായിരുന്നു.