മേപ്പാടി: ഉരുൾ കവർന്ന മുണ്ടക്കൈ മേഖലയിൽ സന്ദർശനം നടത്തുന്നതിനിടെ വികാരാധീനനായി മന്ത്രി എകെ ശശീന്ദ്രൻ. ഇത് കണ്ടിട്ട് എന്താ പറയാ, വല്ലാത്തൊരു അപകടമായിപ്പോയി. ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചതല്ലെന്ന് മന്ത്രി വിങ്ങിപ്പൊട്ടി പറഞ്ഞു. ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ടാണ് മന്ത്രി വികാരഭരിതനായത്.

“ദുരിതബാധിതരോട് ഞാൻ എന്തുത്തരമാണ് പറയുക. അവരുടെ ചോദ്യത്തിന് ഒരുത്തരവുമില്ല. അവരെ രക്ഷിക്കാൻ ശ്രമിക്കുക. അത്രയേ ഉള്ളൂ. അവരെപ്പറ്റി ആലോചിക്കുമ്പൾ നമുക്ക് ഇത്ര പ്രയാസം ഉള്ളപ്പോൾ അവരുടെ പ്രയാസം എത്രത്തോളമെന്ന് ആലോചിച്ചു നോക്കൂ. അവർക്ക് വേണ്ടി പ്രാർഥിക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു” – മന്ത്രി വികാരാധീനനായി പറഞ്ഞു.

ദുരിതബാധിതരെ രക്ഷിക്കാനും സഹായിക്കാനുമുള്ള എല്ലാ കാര്യങ്ങളും ചെയ്യുക. അവരെ നമുക്ക് രക്ഷപ്പെടുത്തണം. ആത്മവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരണം. സാധാരണ ജീവിതം നയിക്കാനുള്ള ജീവിതം അവർക്ക് ഒരുക്കിക്കൊടുക്കണം. അക്കാര്യത്തിൽ പ്രതിബന്ധതയോടെ സർക്കാർ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നതായും മന്ത്രി പറഞ്ഞു.

മനുഷ്യൻ്റെ പ്രവർത്തനങ്ങൾക്ക് ഇത്രയേ ആയുസ്സുള്ളൂ എന്നാണ് ഇതുകണ്ടിട്ട് മനസ്സിലാക്കാൻ കഴിയുന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇതുപോലെ എന്ത് ദുരിതമാണ് ഉണ്ടാകാൻ പോകുകയെന്ന് ആർക്കാണ് പറയാൻ കഴിയുക. അവർ നമ്മുടെ വീട്ടുകാരും സ്വന്തക്കാരുമാണെന്ന കാഴ്ചപ്പാടോടെ നമ്മുടെ എല്ലാ വാക്കും പ്രവർത്തനവും അവർക്ക് ആത്മവിശ്വാസവും സുരക്ഷയും ഉറപ്പുവരുത്തുന്നതാകണം. നമുക്കെല്ലാം ചേർന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക തയ്യാറായി. 130 പേർ ഉൾപ്പെട്ട പട്ടികയാണ് ജില്ലാ ഭരണകൂടം തയ്യാറാക്കിയത്. റേഷൻ കാർഡ് നമ്പർ, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോൺ നമ്പർ, ചിത്രം എന്നിവയടങ്ങിയതാണ് കരട് ലിസ്റ്റ്. കാണാതായവരെ സംബന്ധിച്ച് പട്ടിക പരിഷ്‌ക്കരിക്കുന്നതിനായി പൊതുജനങ്ങൾക്ക് 8078409770 എന്ന ഫോൺ നമ്പറിൽ വിവരങ്ങൾ അറിയിക്കാമെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ അറിയിച്ചു.

പൊതുജനങ്ങൾക്ക് കരട് പട്ടിക പരിശോധിച്ച് വിലയേറിയ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിനെ അറിയിക്കാം. നിരന്തരമുള്ള നിരീക്ഷണത്തിലൂടെ ഈ പട്ടിക ശുദ്ധീകരിച്ചായിരിക്കും കാണാതായവരുടെ അന്തിമ പട്ടിക പുറത്തിറക്കുക. ജില്ലാ ഭരണകൂടത്തിന്റെ https://wayanad.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും പൊതുഇടങ്ങളിലും മാധ്യമങ്ങളിലൂടെയും കരട് പട്ടിക ലഭ്യമാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. അതിനിടെ, ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽ തുടരുകയാണ്. പരപ്പൻപാറയിൽ നടത്തിയ തിരച്ചിലിനിടെ ശരീരഭാഗങ്ങൾ കണ്ടെത്തി. പുഴയോട് ചേർന്ന ഭാഗത്തുനിന്ന് രണ്ട് ശരീരഭാഗങ്ങളാണ് ലഭിച്ചത്. ഇവ കവറുകളിലേക്ക് മാറ്റി.