ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രാജിവച്ചു. ബിജെപിയിൽ തുടരുമെന്നും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും ഖുശ്ബു പറഞ്ഞു. വനിത കമ്മീഷനിൽ ഒന്നര വർഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് രാജി. ഇന്ന് രാവിലെ 9 ന് ചെന്നൈയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ ഖുശ്ബു പങ്കെടുക്കും. അതേസമയം, പാർട്ടി പുതിയ പദവികൾ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും, വനിത കമ്മീഷനിൽ പ്രവർത്തിച്ചപ്പോൾ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെന്നും ഖുശ്ബു പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ മുതിർന്ന നേതാക്കൾക്കൊക്കെ ബിജെപി സീറ്റ് നൽകിയപ്പോഴും ഖുശ്ബുവിനെ തഴഞ്ഞത് ചർച്ചയായിരുന്നു. തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് പിന്മാറിയ ഖുശ്ബു മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. 2023 ഫെബ്രുവരിയിലാണ് ഖുശ്ബു വനിത കമ്മീഷൻ അംഗം ആയത്.