- ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജയായ മുന്‍ സെനറ്റര്‍ തുളസി ഗബ്ബാര്‍ഡിന് ഉറപ്പുണ്ട്, ഡൊണാള്‍്ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസ് രക്ഷപ്പെടുന്നത് വരാനിരിക്കുന്ന യുദ്ധത്തില്‍ നിന്നായിരിക്കും. ട്രംപിനല്ലാതെ മറ്റൊരു നേതാവിന് യുഎസിനെ യുദ്ധത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ലെന്നാണ് തുളസിയുടെ വിശ്വാസം. എന്തായാലും കടുത്ത പോരാട്ടത്തില്‍ മുന്‍ ഡെമോക്രാറ്റ് കൂടിയായ തുളസിയുടെ പിന്തുണ ട്രംപിന് ചില്ലറ ആത്മവിശ്വാസമൊന്നുമല്ല പകരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ ഡെമോക്രാറ്റിക് നേതാവ് കൂടിയായ തുളസി ഗബ്ബാര്‍ഡ് ഡെട്രോയിറ്റില്‍ വച്ചാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി അംഗീകരിച്ചു രംഗത്തു വന്നത്. ട്രംപ് രാജ്യത്തെ യുദ്ധത്തിന്റെ വക്കില്‍ നിന്ന് തിരികെ കൊണ്ടുവരുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അവര്‍ ജനക്കൂട്ടത്തോടു പറഞ്ഞു. മുന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആര്‍എഫ് കെന്നെഡി ജൂനിയറിന്റെ പിന്തുണ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന് തുളസിയുടെ കൂടി അംഗീകാരം ലഭിക്കുന്നത്.
ട്രംപിന്റെ സംവാദത്തിനുള്ള തയ്യാറെടുപ്പിനായി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണം തുളസിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
2013 മുതല്‍ 2021 വരെ ഹവായിയിലെ 2ആം കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിന്റെ ഡെമോക്രാറ്റിക് പ്രതിനിധിയായി ഗബ്ബാര്‍ഡ് സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് 2022ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. ഡെമോക്രാറ്റുകളുമായുള്ള അവരുടെ അഭിപ്രായവ്യത്യാസത്തിന് കാരണം തന്നെ അവര്‍ പാര്‍ട്ടി നേതൃത്വത്തെ യുദ്ധം ചെയ്യുന്നവരുടെ ഒരു ഉന്നത സംഘമെന്നു വിശേഷിപ്പിച്ചതാണ്.
2019 ലെ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാര്‍ഡ് മത്സരിച്ചതും ട്രംപിന് ആയുധമാണ്. ഡൊണാള്‍ഡ് ട്രംപ് തുളസിയെ സ്വാഗതം ചെയ്തു വാനോളം പുകഴ്ത്തുകയും ചെയ്തു.
‘യഥാര്‍ത്ഥ അമേരിക്കന്‍ ദേശസ്നേഹി’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. ‘ഹവായ് ആര്‍മി നാഷണല്‍ ഗാര്‍ഡിലെ 17 വര്‍ഷത്തെ വെറ്ററന്‍, നാല് തവണ ഡെമോക്രാറ്റ് കോണ്‍ഗ്രസ് വനിത, വളരെ ജനപ്രീതിയുള്ളവള്… അവര്‍ വളരെ നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. അവര്‍ മത്സരിച്ചപ്പോഴെല്ലാം വളരെ നന്നായി ജോലി ചെയ്തു. പക്ഷേ അവര്‍ ലഫ്റ്റനന്റ് കേണല്‍ ആണെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ അത് കണ്ടുപിടിച്ചു. ഞാന്‍ വായിച്ച മറ്റ് കാര്യങ്ങള്‍ തെളിയിക്കുന്നു. അവള് ഒരു പ്രത്യേക വ്യക്തിയാണ്. മികച്ച സാമാന്യബുദ്ധിയുണ്ട്, അവര്‍ രാജ്യത്തെ സ്നേഹിക്കുന്നു… എന്നിങ്ങനെ പോയി ട്രംപിന്റെ വാക്കുകള്‍.
ട്രംപിനെ കമാന്ഡര്ഇന്ചീഫായി വൈറ്റ് ഹൗസിലേക്ക് തിരിച്ചയക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്യാന്‍ താന്‍ പ്രതിജ്ഞാബദ്ധയാണെന്ന് തുളസി തന്റെ അംഗീകാര പ്രസംഗത്തില്‍ പറഞ്ഞു. കാരണം അമേരിക്കയെ യുദ്ധത്തിന്റെ വക്കില്‍ നിന്ന് തിരികെ കൊണ്ടുപോകുക എന്നതാണ് അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. ‘സമാധാനത്തിലല്ലാതെ നമുക്ക് അഭിവൃദ്ധി പ്രാപിക്കാനാവില്ല, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രതികാരം ചെയ്യുകയും നമ്മുടെ പൗരാവകാശങ്ങളെ തുരങ്കം വയ്ക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം നമുക്ക് സ്വതന്ത്രരാകാന്‍ കഴിയില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹാരിസ് ഇത് ചെയ്തിട്ടുണ്ട്. അവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇത് ഇനിയും ചെയ്യാന്‍ മടിക്കില്ല.’തുളസി പറഞ്ഞു.
കാബൂളിലെ ആബി ഗേറ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തുളസി നേരത്തെ ട്രംപിനൊപ്പം ചേര്‍ന്നിരുന്നു.
താന്‍ പ്രസിഡന്റായിരിക്കുമ്പോള്‍, ട്രംപ് ഒരു യുദ്ധവും ആരംഭിച്ചിട്ടില്ല, യുദ്ധങ്ങള്‍ രൂക്ഷമാകാതെ തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു, കമാന്ഡര്ഇന്ചീഫില് നിന്ന് പ്രതീക്ഷിച്ച ധൈര്യം താന്‍ കണ്ടതായി തുളസി ഗബ്ബാര്‍ഡ് പറഞ്ഞു. കമല ഹാരിസിനെക്കുറിച്ച് ഇതു പറയാനാവില്ല, കാരണം നിലവിലെ ഭരണകൂടത്തില്‍ അമേരിക്ക ഒന്നിലധികം യുദ്ധങ്ങള്‍ അഭിമുഖീകരിക്കുകയും ആണവയുദ്ധത്തിന്റെ വക്കിലേക്ക് അടുക്കുകയും ചെയ്യുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തുളസി ഗബ്ബാര്‍ഡ് എന്ന പേര് മൂലം പലപ്പോഴും അവര്‍ ഇന്ത്യന്‍ വംശജയായ സ്ത്രീയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു, പക്ഷേ അവര്‍ക്ക് ഇന്ത്യയുമായി ഒരു ബന്ധവുമില്ല. അവളുടെ അമ്മ ഹിന്ദുമതം സ്വീകരിക്കുകയും മക്കള്‍ക്കെല്ലാം ഹിന്ദു പേരുകള്‍ നല്‍കുകയും ചെയ്തു എന്നതാണ് വാസ്തവം. അതേസമയം തുളസി ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന നേതാവാണ്.