തിരുവനന്തപുരം: ആരോപണ വിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്ത് കുമാറിനെതിരെയുള്ള അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു. ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ച് പത്ത് മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തികൊണ്ടുള്ള അന്വേഷണം വേണോയെന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.

ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്ന് മാത്രമാണ് മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയത്. എന്നാല്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത്ത് കുമാറിനെ മാറ്റാതെ സ്വതന്ത്രമായ അന്വേഷണം നടക്കില്ലെന്ന നിലപാടാണ് ഡിജിപി അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് അന്തിമ തീരുമാനമെടുക്കുന്നതില്‍ തര്‍ക്കം തുടരുന്നതെന്നാണ് വിവരം. 

എഡിജിപി അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെയാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണം. അജിത്ത് കുമാറിനെ മാറ്റിനിര്‍ത്തിയാല്‍ പി ശശിയെയും മാറ്റി നിര്‍ത്തണമെന്നും അന്വേഷണ പരിധിയില്‍ പി ശശിയെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങളില്‍ നന്നായി ആലോചിച്ചശേഷമെ തീരുമാനമെടുക്കാനാകുവെന്നാണ് മുഖ്യമന്ത്രിയും സിപിഎമ്മും കരുതുന്നത്.

മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. എഡിജിപിയെ മാറ്റണമെന്ന് ഡിജിപി ആവശ്യപ്പെടുന്നുണ്ടെങ്കിലും മറുഭാഗത്ത് മാറ്റി നിര്‍ത്തരുതെന്നും അന്വേഷണം പ്രഖ്യാപിച്ചാലും പദവിയിൽ നിലനിര്‍ത്തണമെന്ന വലിയ സമ്മര്‍ദവും പലകോണുകളില്‍ നിന്ന് സര്‍ക്കാരിനുമേലുണ്ട്. എന്തായാലും എഡിജിക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പരസ്യമായി അന്വേഷണം പ്രഖ്യാപിച്ച് പത്തു മണിക്കൂറിലധികം പിന്നിട്ടും ഇതുസംബന്ധിച്ച നിര്‍ണായക ഉത്തരവ് വൈകുകയാണെന്നതാണ് ശ്രദ്ധേയം. അജിത് കുമാറിനെ മാറ്റിയാൽ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മാറ്റേണ്ട സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കാനാണ് എഡിജിപി അജിത്ത് കുമാറിനെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതെന്നും സൂചനയുണ്ട്.