പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ മോഷ്ടാവ് ഷാജഹാൻ കുടുങ്ങിയത് ചങ്ങനാശ്ശേരിയിൽ നടത്തിയ കവർച്ചക്കിടെ. കോട്ടയത്ത് വടവാതൂർ മാധവൻ പടിയിൽ അഞ്ചിലധികം വീടുകളിൽ കവർച്ചാ ശ്രമം നടത്തിയ മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശി ഷാജഹാനാണ് പിടിയിലായത്. ചങ്ങനാശ്ശേരിയിൽ മോഷണശ്രമം നടത്തുന്നതിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കോട്ടയത്ത് വടവാതൂർ മാധവൻപടിയിലെ അടുത്തടുത്തായി ഉള്ള അഞ്ചുലധികം വീടുകളിൽ ഇയാൾ കവർച്ചാ ശ്രമം നടത്തിയത്. വീടുകളിലെ നിരീക്ഷണ ക്യാമറകൾ അടിച്ചു തകർത്ത ശേഷം ആയിരുന്നു കവർച്ചാ ശ്രമം നടത്തിയത്. എങ്കിലും ഇതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.

ഈ ദൃശ്യങ്ങൾ മണർകാട് പോലീസ് ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഷാജഹാനെ പിടികൂടുന്നത്.

ശരീരപ്രകൃതവും, മാസ്ക് ധരിച്ചതും അടക്കമുള്ള സാമ്യങ്ങളുടെ അടിസ്ഥാനത്തിൽ സംശയം തോന്നി പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മാധവൻ പടിയിലെ അടക്കം മോഷണശ്രമം താനാണ് നടത്തിയത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയത്. ഒരുമാസം മുമ്പ് വടവാതൂരിലെ മിൽമ ഡയറിക്ക് സമീപം രണ്ടു വീടുകളിൽ ശ്രമം നടത്തിയതും ഇയാൾ തന്നെയാണെന്നും പോലീസ് അറിയിച്ചു.