മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട വിസ്താര വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടു. ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ വിസ്താരയുടെ യുകെ 27 എന്ന ബോയിങ് 787 വിമാനമാണ് വഴി തിരിച്ചുവിട്ടത്. വിമാനത്തിന്റെ ടോയ്ലറ്റിലെ ടിഷ്യൂപേപ്പറിലാണ് ബോംബ് ഭീഷണിയെക്കുറിച്ച് എഴുതി വച്ചിരുന്നത്.

‘ബോംബ് ഓണ്‍ എയര്‍പ്ലെയ്ന്‍’ എന്നായിരുന്നു ടിഷ്യൂ പേപ്പറില്‍ കുറിച്ചിരുന്നത്. തുര്‍ക്കിയിലെ എര്‍സുറം വിമാനത്താവളത്തിലേക്കാണ് വിമാനം വഴി തിരിച്ചുവിട്ടത്.

തുര്‍ക്കിയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും പരിശോധനകള്‍ പൂര്‍ത്തിയായെന്നുമാണ് വിവരം. തുര്‍ക്കി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഭീഷണി വ്യാജമാണെന്ന് വ്യക്തമായാല്‍ യാത്ര തുടരുമെന്നും വിസ്താര അറിയിച്ചു.