ജീവിതത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന ആളാണ് മലയാളത്തിൻറെ ഇതിഹാസതാരം മധുവെന്ന് നടി ഷീല. സഹപ്രവർത്തകരുടെ സന്തോഷത്തിലും വേദനയിലും എപ്പോഴും അദ്ദേഹമുണ്ടാവുമെന്നും നിത്യഹരിത നായിക പറഞ്ഞു.

വാക്കുകൊണ്ടുപോലും സൗഹൃദങ്ങളിൽ ഒരകൽച്ച അദ്ദേഹം സൃഷ്ടിക്കില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഞങ്ങളുടെ സൗഹൃദം ഇന്നും തുടരുന്നു. മധു സാർ മലയാളി സമൂഹത്തിൻറെ മനസാക്ഷി കൈയിലെടുത്ത മഹാപ്രതിഭതന്നെയാണ് എന്നതിൽ ആർക്കും സംശയമില്ല. ഒരുപാട് കഥാപാത്രങ്ങളെ മനോഹരമായി എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞത് സത്യൻ മാഷിൻറെയും നസീർ സാറിൻറെയും മധു സാറിൻറെയുമൊക്കെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രമാണ്.

മധു സാറിനെ ഓർക്കുമ്പോൾ പരീക്കുട്ടിയും ഷീലയെ ഓർക്കുമ്പോൾ കറുത്തമ്മയും പ്രേക്ഷകൻറെ മനസിൽ തെളിയുന്നത് ആ കഥാപാത്രങ്ങളുടെ ശക്തികൊണ്ടുതന്നെയാണ്. പ്രണയവും വിരഹവും ദുരന്തവും നിറഞ്ഞ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ജീവിതം മധുസാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എൻറെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമായിരുന്നു ചെമ്മീൻ.

സത്യൻ, പ്രേംനസീർ എന്നീ രണ്ട് നായകന്മാരായിരുന്നു അന്നത്തെ പ്രമുഖ താരങ്ങൾ. അവർക്കിടയിലേക്ക് മറ്റൊരു നായകൻ കൂടി കടന്നുവരുകയായിരുന്നു. മലയാളത്തിന് ലഭിച്ച ആ രണ്ട് വലിയ നടന്മാരും ജന്മം കൊണ്ട് തിരുവനന്തപുരംകാരായിരുന്നു. മൂന്നാമനായെത്തിയ മധു എന്ന മെലിഞ്ഞ് നീണ്ടുയരമുള്ള നടനും തിരുവനന്തപുരംകാരൻ തന്നെയായി എന്നതും മറ്റൊരു ചരിത്രം.

ഒട്ടേറെ വിജയചിത്രങ്ങളിലും പരാജയചിത്രങ്ങളിലും ഞങ്ങളുടെ ജോഡി തുടരുകയുണ്ടായി- ഷീല പറഞ്ഞു.