പാപ്പുവ ന്യൂ ഗിനിയയിൽ നിലവിലുള്ള വംശീയ സംഘർഷങ്ങൾക്ക് അറുതിയുണ്ടാകട്ടെ എന്ന് ആശംസിച്ച് ഫ്രാൻസിസ് പാപ്പ. 11 ദിവസം നീണ്ടു നിൽക്കുന്ന ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായ പാപ്പുവ ന്യൂ ഗിനിയയിൽ ഭരണാധികാരികളെയും പൗരസമൂഹപ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും സംബോധന ചെയ്തു സംസാരിക്കവെയാണ് ഇപ്രകാരം ആശംസിച്ചത്.

തനിക്കേകിയ ഊഷ്മള വരവേല്പിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടും പാപ്പുവ ന്യൂ ഗിനിയയിലെ ജനങ്ങൾക്ക് സമാധാനവും ക്ഷേമൈശ്വര്യങ്ങളും നേർന്നുകൊണ്ടുമാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. പാപ്പുവ ന്യൂ ഗിനിയ, ദ്വീപുകൾക്കും നാട്ടു ഭാഷകൾക്കും പുറമേ, കര, ജലസ്രോതസ്സുകളാൽ സമ്പന്നമാണെന്ന വസ്തുതയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പാ, ഈ വിഭവങ്ങൾ അഖില സമൂഹത്തിനും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ചു.

പാപ്പുവ ന്യൂ ഗിനിയയിൽ നിലവിലുള്ള വംശീയ സംഘർഷങ്ങളെക്കുറിച്ചും പാപ്പ പരാമർശിച്ചു. ദൗർഭാഗ്യവശാൽ നിരവധിപ്പേരെ ഇരകളാക്കുന്നുന്നതും ജനങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തതും വികസനത്തെ തടസ്സപ്പെടുത്തുന്നതുമായ ഗോത്രവർഗ്ഗപോരാട്ടത്തിന് അറുതിയുണ്ടാകുമെന്ന പ്രത്യാശ പാപ്പ പ്രകടിപ്പിച്ചു. അക്രമച്ചുഴിക്ക് ഒരു അവസാനം ഉണ്ടാക്കുന്നതിനും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രയോജനകരമായ ഫലപ്രദമായ സഹകരണത്തിലേക്ക് നയിക്കുന്ന പാതയിൽ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്നതിനും പാപ്പ എല്ലാവരോടും അഭ്യർത്ഥിച്ചു. ഒപ്പം ജീവിക്കാൻ ആവശ്യമായതിന് പുറമേ, ഹൃദയത്തിൽ ഒരു വലിയ പ്രതീക്ഷ മനുഷ്യർക്ക് ആവശ്യമാണെന്നും അത് മെച്ചപ്പെട്ട ജീവിതം നയിക്കാൻ സഹായിക്കമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

പാപ്പുവ ന്യൂ ഗിനിയയിൽ ഭൂരിപക്ഷവും ക്രൈസ്തവവിശ്വാസം ഏറ്റുപറയുന്നവരാണെന്ന വസ്തുത അനുസ്മരിച്ച പാപ്പ അവരുടെ വിശ്വാസം ഭക്താനുഷ്ഷ്ഠാനങ്ങളിലും പ്രമാണപാലനത്തിലും ഒതുങ്ങരുതെന്നും അത് അടങ്ങിയിരിക്കുന്നത് സ്നേഹത്തിൽ, ക്രിസ്തുവിനെ സ്നേഹിക്കുന്നതിലും അനുഗമിക്കുന്നതിലുമാണെന്നും പാപ്പ പ്രത്യേകം എടുത്തുപറഞ്ഞു.