ലളിതവും എന്നാൽ വിശ്വാസ തീക്ഷ്ണവുമായ ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്രയുടെ ആദ്യ ഭാഗം ഇന്തോനേഷ്യയിൽ അവസാനിച്ചു. ഇനി രണ്ടാം ഭാഗം ഓഷ്യാന ഭൂഖണ്ഡത്തിലെ പാപുവ ന്യൂ ഗിനിയയിൽ. ഇന്തോനേഷ്യൻ വിമാന കമ്പനിയായ ഗരുഡ എ 330 വിമാനം ഫ്രാൻസിസ് പാപ്പായെ വഹിച്ചുകൊണ്ട്, പോർട്ട് മോറെസ്ബിയിലെ ജാക്സൺസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നുയർന്നപ്പോൾ, ഒരു ജനത മുഴുവൻ കണ്ണീർ പൊഴിച്ചിട്ടുണ്ടെങ്കിലും, യേശുവിന്റെ സ്നേഹം, സാഹോദര്യത്തിന്റെ മാധുര്യം ചാലിച്ചുകൊണ്ട്, എല്ലാ വിധ മാനുഷിക വേർതിരിവുകൾക്കുമപ്പുറം നൽകുവാൻ സാധിച്ചുവെന്ന ചാരിതാർഥ്യത്തോടെയാണ് ഫ്രാൻസിസ് പാപ്പാ ഇന്തോനേഷ്യയോട് വിട ചൊല്ലിയത്.
തന്റെ അവസാന പൊതുസമ്മേളന വേദിയായ, വിശുദ്ധ ബലിയർപ്പണത്തിന്റെ, വചനസന്ദേശ വേളയിൽ, ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത് ഇതാണ്, നിങ്ങളുടെ ചുണ്ടിലെ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ! നിങ്ങൾ പ്രത്യാശയുടെ നിർമ്മാതാക്കളായിരിക്കട്ടെ! . ദൈവം നൽകിയ ഈ ആത്മനിർവൃതിയോടെയാണ്, പാപുവ ന്യൂ ഗിനിയയിൽ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദർശനങ്ങൾ ആരംഭിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം ഏഴ്, ആറിന് ജാക്സൺസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രാൻസിസ് പാപ്പായുടെ വിമാനം പറന്നിറങ്ങി.
തുടർന്ന് ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയശേഷം വിശ്രമത്തിനായി പാപ്പാ വിമാനത്താവളത്തിൽ നിന്ന് 8 കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന അപ്പൊസ്തോലിക നൂൻഷ്യേച്ചറിലേക്ക് പോയി. ഫ്രാൻസിസ് പാപ്പാ തന്റെ വസതിയിലേക്ക് പോകുന്ന വഴിയുടെ ഇരു വശങ്ങളിലും, തങ്ങളുടെ ഇടയിലേക്ക് കടന്നുവന്ന ക്രിസ്തുവിന്റെ വികാരിയെ കാണുവാൻ നിവധിയാളുകളാണ് തടിച്ചുകൂടിയിരുന്നത്. ഇരുള് വീണിരുന്നതിനാൽ കരങ്ങളിൽ വിളക്കുകളും, തിരികളും കത്തിച്ചുപിടിച്ചുകൊണ്ട്, ആഹ്ളാദത്തിന്റെയും, പ്രാർത്ഥനയുടെ ഗീതങ്ങൾ ആലപിച്ചുകൊണ്ട് അവർ നിലകൊണ്ടു. പാപ്പായോടുള്ള ബഹുമാനം കാണിക്കുന്നതിന്, നഗ്നപാദുകരായും, മുട്ടുകൾ കുത്തിയും നിരവധി ആളുകൾ നിന്നിരുന്നതും വേറിട്ട ഒരു അനുഭവമായി മാറി.
കൈക്കുഞ്ഞുങ്ങളുമായി നിന്നിരുന്ന നിരവധി അമ്മമാർ, നിരവധി യുവാക്കൾ, കുഞ്ഞുങ്ങൾ എല്ലാവരും പാപ്പായുടെ വരവേൽപ്പിനു ഊഷ്മളത പകർന്നു.രാജ്യത്ത് 36 ശതമാനവും കത്തോലിക്കരും, 33 ശതമാനം മറ്റു ക്രൈസ്തവമതങ്ങളിൽ പെട്ടവരുമാണ്. അതിനാൽ ക്രൈസ്തവഭൂരിപക്ഷ രാജ്യമാണ് പാപുവ ന്യൂ ഗിനിയ. ശക്തമായ വൈരുദ്ധ്യങ്ങളുള്ള രാജ്യമാണ് പാപുവ ന്യൂ ഗിനിയ. പസഫിക് സമുദ്രത്തോട് ചേർന്ന് കൊണ്ട് പ്രകൃതിദത്തമായ ഒരു പറുദീസയായും, സ്വർണ്ണ, ചെമ്പ് ഖനികളാൽ സമ്പന്നവുമായ ഈ രാഷ്ട്രം എന്നാൽ ഓഷ്യാനിയയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനവും ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന എയ്ഡ്സ് ബാധിതരുള്ള രാജ്യവുമാണ്. “റാസ്കോൾ” എന്ന ക്രിമിനൽ സംഘങ്ങളുടെ അക്രമണങ്ങളും സാധാരണക്കാരുടെ ജീവിതത്തിനു ഏറെ വെല്ലുവിളികൾ ഉയർത്താറുണ്ട്. എന്നാൽ തങ്ങളുടെ പരിമിതികൾക്കു നടുവിലും ഇന്നാട്ടിലെ ജനങ്ങൾ, സൃഷ്ടിയുടെ സംരക്ഷണത്തിനും, ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിനും നടത്തുന്ന പരിശ്രമങ്ങൾ ഏറെ ശ്ലാഘനീയമാണ്. ഈ പരിശ്രമങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ നൽകുന്ന പിന്തുണയും, ഈ അപ്പസ്തോലിക യാത്രയിൽ വ്യതിരിക്തമായ അനുഭവങ്ങൾ പ്രദാനം ചെയ്യും.
ഫ്രാൻസിസ് പാപ്പാ വിമാനത്താവളത്തിൽ നിന്നും അപ്പസ്തോലിക നുൻഷ്യേച്ചറിൽ എത്തിയപ്പോൾ, നുൻഷ്യേച്ചർ അംഗങ്ങൾ പാപ്പായെ സ്വീകരിച്ചു. തുടർന്ന് അത്താഴം. രാത്രി വിശ്രമത്തിനുശേഷം പ്രാദേശിക സമയം രാവിലെ ഏഴുമുപ്പതിനു പാപ്പാ ദിവ്യബലിയർപ്പിച്ചു. തുടർന്ന് പ്രാദേശികസമയം ഏകദേശം രാവിലെ 9. 30 മണിക്ക് തന്റെ ആദ്യ ഔദ്യോഗിക പരിപാടിക്ക് വേണ്ടി പാപ്പാ, പാപുവ ഗിനിയയുടെ ഗവർണർ ജനറൽ ബോബ് ബൊഫെങ് ഡാദേയുടെ വസതിയിലേക്ക് യാത്രയായി. വാസ്തുകലയുടെയും, ചരിത്രസത്യങ്ങളുടെയും നിരവധി സംഭവങ്ങൾ ഉൾക്കൊള്ളുന്ന കൊട്ടാരമെന്ന നിലയിൽ, ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിന് ഈ കെട്ടിടം ആതിഥ്യം വഹിക്കുന്നതിനു ഏറെ പ്രത്യേകതകൾ ഉണ്ട്.
തുടർന്ന് ഗവർണർ ജനറലുമായി കൂടിക്കാഴ്ച്ച. കൂടിക്കാഴ്ചയ്ക്കു വേണ്ടി കൊട്ടാരത്തിലേക്ക് വന്ന ഫ്രാൻസിസ് പാപ്പായെ കവാടത്തിൽ വച്ചു സ്വീകരിച്ച ഗവർണർ ജനറൽ, തുടർന്ന് ഫ്രാൻസിസ് പാപ്പായെ ഒരു സഹോദരനെ പോലെ കൊട്ടാരത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് വിശിഷ്ടാതിഥികൾ തങ്ങളുടെ സൗഹൃദസന്ദേശം കുറിക്കുന്ന പുസ്തകത്തിൽ പാപ്പാ, പാപുവ ന്യൂ ഗിനിയ മക്കളോടുള്ള തന്റെ സ്നേഹവും, ആർദ്രതയും എടുത്തുപറഞ്ഞുകൊണ്ട് സന്ദേശം കുറിച്ചു. “പാപുവ ന്യൂ ഗിനിയയിലെ ജനതയെ കണ്ടുമുട്ടുവാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നീതിയുടെയും, സമാധാനത്തിന്റെയും പാതയിൽ ഒരുമിച്ചുനടക്കുവാനുള്ള ശക്തിയും, വെളിച്ചവും പ്രാർത്ഥന വഴിയായി കൈവരട്ടെ”, പാപ്പാ എഴുതി. തുടർന്ന് ഗവർണർ ജനറലുമായി കൂടിക്കാഴ്ച നടത്തി.
തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടി ഫ്രാൻസിസ് പാപ്പാ പോർട്ട് മോറെസ്ബിയിലെ അപെക് ഹൗസിലേക്ക് യാത്രയായി.
സമ്മേളനത്തിൽ, ഫ്രാൻസിസ് പാപ്പായെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ഗവർണർ ജനറൽ, മാധാനത്തിനും നീതിക്കും മനുഷ്യാവകാശങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികൾക്കുമായി ഫ്രാൻസിസ് പാപ്പായും, കത്തോലിക്കാ സഭയും നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു. സന്ദർശനത്തിൻ്റെ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഗവർണർ തൻ്റെ ആശംസാ പ്രസംഗത്തിൽ പാപ്പുവ ന്യൂ ഗിനിയയിലെ ഗവൺമെൻ്റിനും ജനങ്ങൾക്കും വേണ്ടി പാപ്പായെ ഊഷ്മളമായി സ്വാഗതം ചെയ്തു. രാജ്യത്തെ വിദ്യാഭ്യാസം, ആരോഗ്യം, ആത്മീയ പരിപാലനം എന്നിവയിൽ സഭയുടെ നിർണായക പങ്കും, വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും അതിൻ്റെ ഏറ്റവും വിദൂര പ്രദേശങ്ങളിലേക്ക് പോലും എത്തിക്കുന്നതിനു നടത്തിയ കഠിനപരിശ്രമങ്ങൾ അനുസ്മരിക്കുകയും ചെയ്തു. ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം പാപ്പുവാൻ ജനതയിൽ ശാശ്വതമായ ആത്മീയ സ്വാധീനം ചെലുത്തുമെന്ന് പറഞ്ഞുകൊണ്ട് ഗവർണർ ജനറൽ ഉപസംഹരിച്ചു.
തുടർന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു.
കൂടിക്കാഴ്ചയുടെ അവസാനം, പരമ്പരാഗത രീതിയിലുള്ള വേഷവിധാനങ്ങൾ അണിഞ്ഞ ഗായകസംഘം വിവിധ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഗാനങ്ങൾ ആലപിച്ചു. തദവസരം, ഫ്രാൻസിസ് പാപ്പാ സദസിലുണ്ടായിരുന്ന രോഗികളായ ഉദ്യോഗസ്ഥരെ വ്യക്തിപരമായി കണ്ട് അവരുമായി സംഭാഷണം നടത്തി. തുടർന്ന് ഗായകസംഘത്തിലെ അംഗങ്ങൾക്കും പാപ്പാ വിവിധ സമ്മാനങ്ങൾ നൽകി. തദവസരം കുഞ്ഞുങ്ങൾ കരങ്ങൾ കൂപ്പി പാപ്പായ്ക്ക് നന്ദി പറഞ്ഞു. ഔദ്യോഗിക സമ്മേളനത്തിന് ശേഷം, ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കുവാൻ എത്തിച്ചേർന്ന വിവിധ രാജ്യങ്ങളിൽ നിന്നും, പ്രവിശ്യകളിൽ നിന്നും എത്തിച്ചേർന്ന ഭരണ നേതാക്കളെയും, അവരുടെ സംഘത്തെയും ഫ്രാൻസിസ് പാപ്പാ പ്രത്യേകം സന്ദർശിക്കുകയും, അവർ നൽകിയ വിവിധ സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്തു. അവർക്കെല്ലാവർക്കും ഫ്രാൻസിസ് പാപ്പാ തന്റെ സ്നേഹത്തിന്റെ അടയാളമായി ജപമാലകൾ സമ്മാനിക്കുകയും ചെയ്തു. നിരവധി നേതാക്കൾ പാപ്പായുടെ മുൻപിൽ ആദരസൂചകമായി മുട്ടുകൾ മടക്കി, ആശീർവാദം സ്വീകരിച്ചതും ഏറെ ഹൃദ്യത നിറഞ്ഞ നിമിഷങ്ങളായിരുന്നു. തുടർന്ന് ഫ്രാൻസിസ് പാപ്പാ സമ്മേളന നഗരിക്ക് വെളിയിലേക്ക് വീൽചെയറിൽ കടന്നു വന്നു. തദവസരത്തിലെല്ലാം, രാജ്യത്തിൻറെ ഭരണാധികാരികൾ പാപ്പായെ അനുഗമിക്കുന്നുണ്ടായിരുന്നു.
ശേഷം പാപ്പാ തന്റെ രണ്ടാമത്തെ സ്വീകരണ സ്ഥലമായ, കാരിത്താസ് ടെക്നിക്കൽ സെക്കണ്ടറി സ്കൂളിലേക്ക് കടന്നു വന്നു. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ സംരക്ഷിച്ചുകൊണ്ട്, അവർക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കേന്ദ്രമാണിത്. വിവിധ സന്യാസസമൂഹങ്ങളിലെ ബഹുമാനപ്പെട്ട സഹോദരിമാരാണ്, ഈ കുഞ്ഞുങ്ങളുടെ സംരക്ഷണം വഹിക്കുന്നത്. സിസ്റ്റേഴ്സ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് നടത്തുന്ന തെരുവ് കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള അജപാലനശുശ്രൂഷ 7 മുതൽ 14 വരെ പ്രായമുള്ള ദരിദ്രരായ നിരവധി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. ഫ്രാൻസിസ് പാപ്പായുടെ വരവിനു ഏറെ മണിക്കൂറുകൾക്കു മുൻപുതന്നെ കുരുന്നുകൾ, പതാകകൾ വീശിക്കൊണ്ട് ഗാനങ്ങൾ ആലപിച്ചുകൊണ്ട് സമ്മേളനസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചും, പരമ്പരാഗത വേഷവിധാനങ്ങളോടെയും പാപ്പായെ കാത്തിരുന്ന കുഞ്ഞുങ്ങൾ, ഒരേ സ്വരത്തിൽ ഗാനങ്ങൾ ആലപിച്ചതും, ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. പാപ്പാ കടന്നുവന്നപ്പോൾ, അവരുടെ സന്തോഷം അണപൊട്ടി ഒഴുകുകയും, ചിലർ പാപ്പായ്ക്ക് മുത്തം നൽകുകയും ചെയ്തു. പോർട്ട് മോറെസ്ബിയിലെ കർദ്ദിനാൾ ആർച്ച് ബിഷപ്പ് ജോൺ റിബാറ്റിൻ്റെ ആശംസയ്ക്ക് ശേഷം, സ്ട്രീറ്റ് മിനിസ്ട്രിയിലെ ഒരു സംഘം പരമ്പരാഗത ഗാനവും നൃത്തവും അവതരിപ്പിച്ചു.
തുടർന്ന് രണ്ടു കുട്ടികൾ പാപ്പായോട് ചോദ്യങ്ങൾ ഉന്നയിച്ചു. “എന്തുകൊണ്ടാണ്, ഒരാൾക്ക് മറ്റൊരാളാകാൻ സാധിക്കാത്തത്?”, മറ്റൊന്ന്: “നമ്മുടെ ലോകത്തെ മനോഹരമായ സ്ഥലമാക്കാൻ നമുക്ക് എങ്ങനെ നമ്മെത്തന്നെ ഉപയോഗപ്പെടുത്താം?”, ” എന്തുകൊണ്ടാണ് ഞങ്ങളെ പോലെയുള്ള കുഞ്ഞുങ്ങൾ സഹനങ്ങളെ നേരിടേണ്ടതായി വരുന്നത്?” തുടർന്ന് പാപ്പാ ചോദ്യങ്ങൾക്ക് മറുപടികൾ നൽകി. നമ്മിൽ ഒരാൾക്ക് പോലും മറ്റൊരാളായി മാറുവാൻ സാധിക്കുകയില്ല. കാരണം ദൈവം നമ്മെ വ്യതിരിക്തമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, എന്നാൽ എല്ലാവർക്കും അവരുടേതായ ഉത്തരവാദിത്വം നിറവേറ്റുവാൻ ഉണ്ടെന്നും പാപ്പാ പറഞ്ഞു. ലോകത്തെ എങ്ങനെ കൂടുതൽ മനോഹരവും സന്തോഷകരവുമാക്കാം എന്നതിനെക്കുറിച്ചുള്ള രണ്ടാമത്തെ ചോദ്യത്തിന് മറുപടിയായി ഫ്രാൻസിസ് മാർപാപ്പ, സ്നേഹമാണ് പ്രധാനം എന്ന് ഊന്നിപ്പറഞ്ഞു. അവസാനമായി, ലോകത്തിൻ്റെ പ്രത്യാശയുടെ പ്രതീകമായി “സ്നേഹത്തിൻ്റെ പ്രകാശമായി” എല്ലാവരും ജ്വലിച്ചുനിൽക്കണമെന്നും പാപ്പാ പറഞ്ഞു.
സമ്മേളനത്തിന്റെ അവസാനം കുരുന്നുകൾ നൽകിയ വിവിധ സമ്മാനങ്ങൾ പാപ്പാ സ്വീകരിക്കുകയും, പാപ്പാ തിരികെ അവർക്കും വിവിധ സമ്മാനങ്ങൾ നൽകി തന്റെ പിതൃതുല്യമായ ആർദ്രത പ്രകടിപ്പിക്കുകയും ചെയ്തു. സമ്മേളനത്തിന് ശേഷം പാപ്പായുടെ മടക്കയാത്രയുടെ അവസരത്തിൽ, കുഞ്ഞുങ്ങൾ പാപ്പായുടെ അടുത്തേക്ക് ഓടിക്കൂടി തങ്ങളുടെ അതിരറ്റ സന്തോഷം പ്രകടിപ്പിച്ചതും, ഏറെ നിഷ്ക്കളങ്കമായ ഒരു കാഴ്ചയായിരുന്നു.
തുടർന്ന് പ്രാദേശികസമയം, വൈകുന്നേരം അഞ്ചു, നാല്പത് മണിയോടെ, സമർപ്പിതരുമായുള്ള സംഗമത്തിനായി ക്രിസ്ത്യാനികളുടെ സഹായമായുള്ള മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലേക്ക് കടന്നുചെന്നു. മെത്രാന്മാരും, വൈദികരും , ഡീക്കന്മാരും, സമർപ്പിതരും, സെമിനാരിക്കാരും, മതാധ്യാപകരും സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി ഏറെ മണിക്കൂറുകൾക്കു മുൻപുതന്നെ ദേവാലയത്തിൽ എത്തിച്ചേർന്നിരുന്നു. ദേവാലയകവാടത്തിൽ എത്തിയ പാപ്പായെ മെത്രാന്മാരും, വിവിധ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പരമ്പരാഗത വേഷധാരികളായ കുരുന്നുകൾ പൂക്കൾ നൽകി പാപ്പായ്ക്ക് സ്നേഹാഭിവാദ്യം നൽകി. ദേവാലയത്തിനുള്ളിൽ പ്രവേശിച്ച പാപ്പായെ, മെത്രാൻ സമിതിയുടെ പ്രസിഡന്റ് മോൺസിഞ്ഞോർ ഒത്തോ സെപ്പരി സ്വാഗതം ചെയ്തു. തുടർന്ന് വിവിധ ആളുകൾ തങ്ങളുടെ സാക്ഷ്യങ്ങൾ പങ്കുവച്ചു.
ശേഷം പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു. സന്ദേശത്തെ തുടർന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുകയും, പാപ്പാ തന്റെ ശ്ലൈഹികാശീർവാദം നൽകുകയും ചെയ്തു. തുടർന്ന് ഗീതം ഏൽപ്പിക്കപ്പെട്ട അവസരത്തിൽ, മെത്രാൻ സമിതിയിലെ അംഗങ്ങൾ പാപ്പായ്ക്കൊപ്പം, ഫോട്ടോയെടുക്കുകയും, തങ്ങളുടെ സന്തോഷസൂചകമായി ഒരു സമ്മാനം പാപ്പായ്ക്കു നൽകുകയും ചെയ്തു. തിരികെ വസതിയിലേക്ക് മടങ്ങുന്നതിനു മുൻപായി ഫ്രാൻസിസ് പാപ്പാ മട്ടുപ്പാവിൽ നിന്നുകൊണ്ട്, വിശ്വാസികളെ അഭിവാദ്യം ചെയ്തു.