സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്നാണ് പൂജ ഖേഡ്കറെ കേന്ദ്രം പുറത്താക്കിയത്. പൂജ പ്രവേശനം നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് ഈ നടപടി. വിവാദപരമായ ആരോപണങ്ങള്‍ പൂജ ഖേഡ്കര് നേരിട്ടതിനെ തുടര്‍ന്നാണ് ഒടുവിൽ ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍ ഐഎഎസിൽ നിന്ന് പൂജയെ പുറത്താക്കികൊണ്ടുള്ള കര്‍ശന നടപടിയെടുത്തത്.
സിവിൽ സര്‍വീസസ് പരീക്ഷയെഴുതിയത് ചട്ടം മറികടന്നുകൊണ്ട് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ യുപിഎസ്സി പൂജയെ അയോഗ്യയാക്കികൊണ്ട് നടപടിയെടുത്തിരുന്നു. കൂടാതെ കമ്മീഷന്റെ പരീക്ഷകളിൽ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന് സര്‍ക്കാരിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തുകയും നടപടിക്ക് ശുപാർശ നൽകുകയും ചെയ്തിരുന്നു. ഈ നടപടിക്ക് പിന്നാലെയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാരും ഐഎഎസിൽ നിന്ന് പുറത്താക്കികൊണ്ട് നടപടിയെടുത്തത്.