നിർദിഷ്ട ചെങ്ങന്നൂർ-പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ റെയിൽവേ അംഗീകരിച്ചു. സർവേയുടെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ബോർഡ് പരിശോധിച്ചുതുടങ്ങി. പാതയ്ക്കുവേണ്ട ചെലവു കണക്കാക്കുന്നത് ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും.

വനമേഖലയുടെ സാന്നിധ്യമുള്ളതിനാൽ ഹരിത തീവണ്ടികളായിരിക്കും ഓടിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ശബ്ദം കുറയ്ക്കുകയാണ് പ്രധാന ഉദ്ദേശ്യം. കൂടാതെ പരിസ്ഥിതിസൗഹാർദവും. വന്ദേഭാരത് മോഡൽ തീവണ്ടികളായിരിക്കും ഇതിനായി റെയിൽവേ പരിഗണിക്കുക.

റെയിൽവേ ബോർഡിൻ്റെ അംഗീകാരം ലഭിച്ചാൽ പദ്ധതി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. 177.80 ഹെക്ടർ സ്ഥലമായിരിക്കും പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുന്നത്. ചെങ്ങന്നൂർ-പമ്പ പാതയ്ക്കായി പുതുതായി ഒരു സ്റ്റേഷൻകൂടി ചെങ്ങന്നൂരിൽ നിർമിക്കും. ഇത് മഠത്തിൽപ്പടിയിലോ, ഹാച്ചറിയിലോ ആയിരിക്കും. പുതിയപാത നിലവിലുള്ള പാതയുമായി ബന്ധിപ്പിക്കുന്നതോടെ ചെങ്ങന്നൂർ സ്റ്റേഷൻ ജങ്ഷനാകും.