കൊച്ചി: തന്റെ മുന്നിലുള്ള എല്ലാ പ്രതിസന്ധികളെയും അവ​ഗണിച്ച് മുന്നോട്ട് പോകുമെന്ന് പി വി അൻവർ എംഎൽഎ. വർഗ്ഗീയവാദി’ ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട്‌ പോകാൻ താൻ തയ്യാറല്ല. ഏറെ റിസ്ക്കെടുത്തുള്ള ഒരു ദൗത്യത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്‌. പൊലീസിലെ ഒരു വിഭാഗം പുഴുക്കുത്തുകൾക്കെതിരെയാണ് പോരാട്ടം. എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം അധികം വൈകാതെ തന്നെ വരുമെന്നും അൻവർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഏഷ്യാനെറ്റ്‌ ന്യൂസ്‌, മറുനാടൻ മലയാളി, മലയാളി വാർത്ത, എബിസി ന്യൂസ്‌ എന്നീ സ്ഥാപനങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് അൻവർ നടത്തിയത്. 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം… 

പ്രിയപ്പെട്ടവരേ..ഏറെ റിസ്ക്കെടുത്തുള്ള ഒരു ദൗത്യത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്‌.പൊലീസിലെ ഒരു വിഭാഗം പുഴുക്കുത്തുകൾക്കെതിരെയാണ് നമ്മുടെ പോരാട്ടം.എന്നാൽ ഇതിനെ കൗണ്ടർ ചെയ്യാൻ ഒരുപറ്റം മാധ്യമങ്ങളെ ചിലർ രംഗത്തിറക്കിയിട്ടുണ്ട്‌.ഏഷ്യാനെറ്റ്‌ ന്യൂസ്‌ മുതൽ മറുനാടൻ മലയാളി,മലയാളി വാർത്ത,എ.ബി.സി ന്യൂസ്‌ എന്നീ ഓൺലൈൻ മഞ്ഞചാനലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്‌.സദുദ്ദേശത്തോടെ സമീപിച്ച ഒരു വിഷയത്തെ “വർഗ്ഗീയതയുടെ നിറം” നൽകി റദ്ദ്‌ ചെയ്യാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്‌.അതിന്റെ ഭാഗമായുള്ള “വർഗ്ഗീയവാദി ചാപ്പ പതിക്കൽ” ഉൾപ്പെടെ ഇവർ നിർബാധം തുടരുന്നുണ്ട്‌.എന്തൊക്കെ പ്രതിസന്ധികൾ മുൻപിലുണ്ടായാലും അതിനെയൊക്കെ അവഗണിച്ച്‌ മുൻപോട്ട്‌ പോവുക തന്നെ ചെയ്യും.”വർഗ്ഗീയവാദി” ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട്‌ പോകാൻ തയ്യാറല്ല. പുഴുക്കുത്തുകൾ പുറത്താകും വരെ ഈ വിഷയത്തിൽ ശക്തമായ നിലപാടുകളുമായി തന്നെ ഇവിടെയുണ്ടാകും.ഇത്തരം മഞ്ഞചാനൽ പ്രചരണങ്ങളെ അവഗണിക്കണം.ഇവരുടെ നെഗറ്റീവ്‌ വാർത്തകളുടെ ലിങ്ക്‌ ഓപ്പൺ ചെയ്ത്‌,ഇവർക്ക്‌ റീച്ച്‌ കൂട്ടി കൊടുക്കാൻ നിൽക്കരുതെന്ന് എല്ലാ പ്രിയപ്പെട്ടവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും.അധികം വൈകാതെ തന്നെ..ഏവർക്കും ഓണാശംസകൾ..♥️ 

പി വി അന്‍വർ എംഎൽഎയും എഡിജിപി എം ആര്‍ അജിത് കുമാറും ഉള്‍പ്പെട്ട വിവാദം കത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാട് മയപ്പെടുത്താതെ അജിത് കുമാറിനെതിരെ അന്‍വര്‍ മുന്നോട്ടു പോകുകയാണ്. അൻവറിന് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ പോലുള്ള ബാഹ്യശക്തികളാണെന്നാണ് അജിത് കുമാർ വാദിക്കുന്നത്. വമ്പന്‍ശക്തികള്‍ക്കെതിരെയാണ് താൻ പോരിനിറങ്ങിയിരിക്കുന്നത്. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു. തന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അൻവർ ഡിജിപിക്ക് കത്തു നല്‍കിയിട്ടുണ്ട്.