ആലപ്പുഴ: ജപ്തിക്കിരയായ നിർധനന കുടുംബത്തിന് ആധാരം പണമടച്ച് തിരിച്ചെടുത്ത് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ പെരുമ്പള സ്വദേശി രാജപ്പന്‍ എന്ന വ്യക്തിയുടെ വീടിന്‍റെ ആധാരമാണ് സുരേഷ് ഗോപി പണമടച്ച് തിരികെ എടുത്ത് നൽകിയത്. രാജപ്പന്‍റെ ഭാര്യ മിനി ക്യാൻസർ രോഗ ബാധിതയായി ചികിത്സയിലാണ്.

മകൾ ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു. കൊച്ചുമകൾ ആരഭിയും മജ്ജയിൽ ക്യാൻസർ ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ആരഭിക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. കേരള ബാങ്ക് ജപ്തി ചെയ്ത ഇവരുടെ വീടിന്‍റെ ആധാരം ഒരു ലക്ഷത്തി എഴുപതിനായിരം രൂപ അടച്ചാണ് സുരേഷ് ഗോപി ബാങ്കിൽ നിന്ന് വീണ്ടെടുത്തത്. 

അവർക്ക് സമാധാനമായി കിടന്നുറങ്ങണം അതിനുള്ള സൌകര്യം ഒരുക്കാൻ പറ്റി. അത്രേയുള്ളൂവെന്നാണ് നടപടിയേക്കുറിച്ച് കേന്ദ്ര മന്ത്രി പ്രതികരിക്കുന്നത്. ചികിത്സയുടെ കാര്യത്തിന് ഡോക്ടർമാരുമായി ബന്ധപ്പെട്ടിരുന്നു. മജ്ജ ദാനം ചെയ്യാനൊരാളെ കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മജ്ജ ദാനം ചെയ്യുന്നവർക്ക് പണം നൽകേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.