ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷാരംഗത്തെ വീഴ്ചയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉപഭോക്താക്കളുടെ ഇടയിൽ നിന്നും ഉയർന്നുവരുന്നത്. ഇപ്പോഴിതാ ചൈനയിലെ ഒരു യുഎസ് സൂപർമാർക്കറ്റിൽ നിന്നും വാങ്ങിയ കേക്കിൽ ഒരു യുവതിക്ക് പല്ല് കിട്ടിയ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ചൈനയിലെ യുഎസ് സൂപ്പർമാർക്കറ്റ് ശൃംഖലയായ സാംസ് ക്ലബ്ബിൻ്റെ ഒരു സ്റ്റോറിൽ നിന്ന് വാങ്ങിയ മൂൺ കേക്കിനുള്ളിൽ മനുഷ്യൻ്റെ പല്ല് കണ്ടെത്തിയതിനെ തുടർന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ജിയാങ്‌സു പ്രവിശ്യയിലെ ചാങ്‌ഷൂ ബ്രാഞ്ചിൽ നിന്ന് 30 യുവാൻ (ഏകദേശം 300 രൂപ) നൽകി വാങ്ങിയ മാംസം നിറച്ച മൂൺകേക്കിൽ നിന്നാണ് പല്ല് കണ്ടെത്തിയത്. സെപ്റ്റംബർ അഞ്ചിന് സ്റ്റാർ വീഡിയോ ആദ്യം റിപ്പോർട്ട് ചെയ്ത സംഭവം നിലവിൽ പോലീസ് അന്വേഷിച്ചുവരുകയാണ്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പല്ല് തൻ്റെ കുടുംബത്തിലെ ആരുടേതല്ലെന്ന് യുവതി വ്യക്തമാക്കുകയും സംഭവം ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും ചെയ്തു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കമ്പനി കേസ് അന്വേഷിക്കുകയാണെന്ന് ചാങ്‌സൗവിലെ സാംസ് ക്ലബ് വ്യക്തമാക്കി. എന്നാൽ അതേസമയം, മൂൺകേക്ക് നിർമ്മാതാവ്, ‘മാംസം നിറയ്ക്കുന്നതിൽ പല്ല് കലർത്തുന്നത് അസാധ്യമാണ്’ എന്ന് പറഞ്ഞുകൊണ്ട് സാധ്യത തള്ളിക്കളഞ്ഞതായി ഹോങ്സിങ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ, ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ മാംസവും നന്നായി അരിഞ്ഞതും അസ്ഥികൾ പോലുള്ളവയെ കണ്ടെത്താൻ രൂപകൽപ്പന ചെയ്ത ഒരു എക്സ്-റേ മെഷീനിലൂടെ കടന്നുപോകുന്നതുമാണെന്ന് ലിയു എന്ന ഒരു വക്താവ് വിശദീകരിച്ചു. ഇതുവരെ ഇത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലിയു ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ വകുപ്പുകളും ഇക്കാര്യം പരിശോധിക്കുന്നതായി ലിയു വ്യക്തമാക്കി.
ഇതിന് മുൻപും സാംസ് ക്ലബ് അതിൻ്റെ മെയിൻലാൻഡ് ചൈന സ്റ്റോറുകളിൽ നിന്നും ഭക്ഷ്യ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. 2022 ലെ ഒരു സംഭവത്തിൽ, ഫുജ്ജാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീ തൻ്റെ അമ്മാവൻ സ്റ്റോറിൽ നിന്ന് വാങ്ങിയ സ്വിസ് റോളുകളിൽ മൂന്ന് കൃത്രിമ മനുഷ്യ പല്ലുകൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു. ഇത് ഭക്ഷണം കഴിക്കുന്നതിനിടെ പല്ല് പൊട്ടാൻ കാരണമായി. കൂടാതെ, അതേ വർഷം തന്നെ നാൻജിംഗിലെയും ബീജിംഗ് ഷുനിയിലെയും സാംസ് ക്ലബ് ലൊക്കേഷനുകൾക്ക് പൂപ്പൽ ബാധിച്ച സ്ട്രോബെറിയും കാലാവധി കഴിഞ്ഞ പാൽപ്പൊടിയും വിറ്റതിന് യഥാക്രമം 30,000 യുവാനും (ഏകദേശം 3.5 ലക്ഷം രൂപ) 65,000 യുവാനും (7.5 ലക്ഷം രൂപ) പിഴ ചുമത്തിയിരുന്നു.