വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പുറത്തുവന്ന സര്‍ക്കാരിൻ്റെ കണക്കുകള്‍ ദുരിതാശ്വാസത്തിൻ്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 

പുറത്തുവന്ന കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടമാണെന്നാണ് മുഖ്യമന്ത്രി വാദിക്കുന്നത്. ഇങ്ങനെയാണോ കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിക്കുന്നത്? എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മെമ്മോറാണ്ടം സമര്‍പ്പിക്കേണ്ടത്. ഈ കണക്കിന് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങളുമായി ഒരു ബന്ധവുമില്ലെന്നും സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. 

സെക്രട്ടേറിയറ്റിലെ സാമാന്യബുദ്ധിയുള്ള ഒരു ഉദ്യോഗസ്ഥനും ഇത്തരമൊരു കണക്ക് തയാറാക്കുമെന്ന് കരുതുന്നില്ലെന്നും ഈ കണക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണോ റവന്യൂ വകുപ്പാണോ തയാറാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.