തൃശ്ശൂർ: 1990 ലോകകപ്പിൽ പകരക്കാരനായി ഇറങ്ങി, ഇറ്റാലിയൻ ആരാധകരെയാകെ വിസ്മയിപ്പിച്ച ഫുട്ബോൾ താരമാണ് സാൽവതോറെ സ്കില്ലാച്ചി. അൻപത്തൊൻപതുകാരനായ അദ്ദേഹം, ഇന്ന് (ബുധനാഴ്ച) അന്തരിച്ചെന്നത് ഫുട്ബോൾ ലോകം ഞെട്ടലോടെയാണ് കേട്ടത്. അർബുദബാധിതനായി ചികിത്സയിൽ കഴിയവേ, പാലെർമോയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. 1990 ലോകകപ്പിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് നേടിയ, ടോട്ടോ എന്ന വിളിപ്പേരുകൊണ്ട് പ്രശസ്തനായ സ്കില്ലാച്ചി, ഏകദേശം രണ്ടുവർഷംമുൻപ് നമ്മുടെ കേരളത്തിൽ വന്നിട്ടുണ്ട്.

2022 ഫിഫ ലോകകപ്പ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണ് ഇറ്റാലിയൻ താരം കേരളത്തിലെത്തിയത്. ഒരു സെലിബ്രിറ്റി ഷോയുടെ ഭാഗമായുള്ള ഇന്ത്യാ പര്യടനത്തിനിടെയാണ് അദ്ദേഹം കേരളത്തിലെത്തിയത്. തൃശ്ശൂരിലെത്തിയ അദ്ദേഹം കലാമണ്ഡലവും വടക്കുന്നാഥ ക്ഷേത്രവും സന്ദർശിച്ചു. 2022 നവംബർ 16-ന് മാതൃഭൂമിയിൽ സുബിൻ ചെറുതുരുത്തിയുടെ ഈ റിപ്പോർട്ട് അച്ചടിച്ചുവന്നിരുന്നു. 

സ്കില്ലാച്ചി കലാമണ്ഡലം സന്ദർശിച്ചതിനെ സംബന്ധിച്ച് കൗതുകകരമായ ഒരു കാര്യം റിപ്പോർട്ടിൽ പങ്കുവെച്ചിരുന്നു. സെലിബ്രിറ്റി പകിട്ടൊന്നുമില്ലാതെ, വളരെ സാധാരണമായി കലാമണ്ഡലം സന്ദർശനം നടത്തുകയായിരുന്നു സ്കില്ലാച്ചി. പക്ഷേ, അവിടത്തെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും വിമുക്തഭടനുമായ ശബാബിനൊരു കൗതുകം. 1990 ലോകകപ്പിൽ ഇറ്റലിയുടെ കുന്തമുനയായ സാൽവതോറെ സ്കില്ലാച്ചിയല്ലേ ഈ മുന്നിൽ നിൽക്കുന്നതെന്ന് ഫുട്ബോൾ ആരാധകൻകൂടിയായ ശബാബിന് സംശയം.

ഉള്ളിൽ നിറഞ്ഞ കൗതുകം അവിടെ അടക്കിവെയ്ക്കാതെ സ്കില്ലാച്ചിയോടുതന്നെ ആ സംശയം തീർത്തു. സ്കില്ലാച്ചിയല്ലേ എന്ന് ചോദിച്ചപ്പോൾ അതെ, എന്ന് മറുപടി. തന്നെ തിരിച്ചറിഞ്ഞതിൽ സ്കില്ലാച്ചിക്കും അതിഭയങ്കര സന്തോഷം. തുടർന്ന് ഷബാബിനൊപ്പം സെൽഫിയെടുത്തശേഷമാണ് യാത്രയായത്. മുംബൈയിൽവെച്ച് തന്നെ ഒരുപാട് പേർ തിരിച്ചറഞ്ഞെന്നും സ്വീകരണം നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1990-ലെ ലോകകപ്പിൽ സ്കില്ലാച്ചിയുടെ മികവിൽ ഇറ്റലി മൂന്നാംസ്ഥാനത്തെത്തി. സെമിയിൽ അർജന്റീനയോട് തോറ്റ ഇറ്റലി, പിന്നീട് മൂന്നാംസ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി. ഈ രണ്ട് കളികളിലും സ്കില്ലാച്ചി ഗോൾ നേടിയിരുന്നു. അന്ന് പകരക്കാരനായി ഇറങ്ങിയ താരം ആറു ഗോളുകൾ അടിച്ചുകൂട്ടിയാണ് ആ ലോകകപ്പിലെ ടോപ്സ്കോററായത്. ഇറ്റലിയിലെ ലോവർ ഡിവിഷൻ ക്ലബ്ബുകളിൽ കളിച്ചു പരിചയിച്ചാണ് അദ്ദേഹം അദ്ദേഹം ദേശീയ ടീമിലെത്തിയത്.