രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും പാര്‍ലമെന്റി ജനാധിപത്യത്തെയും തകര്‍ക്കുന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

ഇന്ത്യയുടെ സമ്പന്നമായ ജനാധിപത്യ വൈവിധ്യത്തെ സംരക്ഷിക്കാന്‍ അന്നത്തെ ദേശീയ നേതാക്കള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു വിവിധ ഘട്ടങ്ങളിലായി നടത്തിവരുന്ന തിരഞ്ഞെടുപ്പ് സമ്പ്രദായം.വ്യത്യസ്തമായി തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് കൊണ്ട് തന്നെ ആശയവൈവിധ്യങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

ദേശീയതലത്തിലെയും പ്രദേശികതലത്തിലേയും രാഷ്ട്രീയ വിഷയങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പോലും പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും ജനാധിപത്യവിരുദ്ധ നടപടികളാണ് ബിജെപിയും മോദി സര്‍ക്കാരും പിന്തുടരുന്നത്. ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിച്ച് ബിജെപിയുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഒട്ടും പ്രായോഗികമല്ല.

പ്രതിപക്ഷപാര്‍ട്ടികളുമായി വേണ്ട ചര്‍ച്ചകള്‍ പോലും നടത്താതെയാണ് ഇത്തരം ഒരു തീരുമാനവുമായി മോദി ഭരണകൂടം മുന്നോട്ട് പോകുന്നത്. അത് ഏകാധിപത്യ ഫാസിസ്റ്റ് ശൈലിയാണ്. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.