അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയാണ്.
പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തി മലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെയാണ് സഞ്ചാരികളുടെ വരവ് കൂടിയയത്. പ്രവേശനകവാടം മുതൽ നിരീക്ഷണ ഗോപുരം വരെ റോഡ്, മനോഹരമായ പ്രവേശനകവാടം, പ്രവേശനകവാട പരിസരം കട്ടവിരിച്ച് മനോഹരമാക്കൽ, നിരീക്ഷണഗോപുരം മോടികൂട്ടൽ, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, വഴിയരികിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ, ശൗചാലയങ്ങൾ, ലഘു ഭക്ഷണശാല, കുടിവെള്ളം, ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം, തടയണകൾ തുടങ്ങിയ സൗകര്യങ്ങളാണ് വിവിധ പദ്ധതികളിലുൾപ്പെടുത്തി ഒരുക്കിയിട്ടുള്ളത്. പ്രവേശന ടിക്കറ്റിന് പ്രായപൂർത്തിയായവർക്ക് 40 രൂപയാണ്. വിദ്യാർഥികൾക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്.
വരുമാനം ഒരുകോടി കവിഞ്ഞതിന്റെ ഭാഗമായി കൊടികുത്തിമല വനസംരക്ഷണസമിതി ഒരു വർഷത്തെ പ്രകൃതിസംരക്ഷണ സന്ദേശ പരിപാടികൾക്ക് രൂപംനൽകി.