ന്യൂഡല്‍ഹി: 20 കോച്ചുകളുള്ള വന്ദേഭാരത് ചെയര്‍ കാര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചു. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിക്കും ഇടയിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. സെമി ഹൈസ്പീഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ ട്രെയിനിന് നിരവധി സവിശേഷതകളാണ് മറ്റ് വന്ദേഭാരതുകളെ അപേക്ഷിച്ച് ഉള്ളത്. സാധാരണ വന്ദേഭാരത് ചെയര്‍ കാറുകളില്‍ 8 അല്ലെങ്കില്‍ 16 കോച്ചുകളാണുള്ളതെങ്കില്‍ പുതിയ ട്രെയിനില്‍ 20 കോച്ചുകളുണ്ട്.

1440 പേര്‍ക്ക് ഒരേ സമയം ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. ഇതേ റൂട്ടില്‍ നേരത്തെ മറ്റൊരു വന്ദേഭാരത് ട്രെയിനാണ് സര്‍വീസ് നടത്തിയിരുന്നത്. അത് മാറ്റിയ ശേഷമാണ് പുതിയത് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. വെറും എട്ട് മണിക്കൂര്‍ കൊണ്ട് 771 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാതമാണ് ഡല്‍ഹിക്കും വാരാണസിക്കും ഇടയില്‍ അനുവദിച്ചിട്ടുള്ളത്.

നിരവധി തീര്‍ത്ഥാടക കേന്ദ്രങ്ങളുള്ള വാരാണസിയിലെത്താന്‍ ഭക്തര്‍ക്ക് സഹായകമാകുകയെന്ന ലക്ഷ്യം കൂടിയുണ്ട് പുതിയ സര്‍വീസ് അനുവദിച്ചതിന് പിന്നില്‍. രാവിലെ ആറ് മണിക്ക് വാരാണസിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ ന്യൂഡല്‍ഹിയില്‍ എത്തു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മറ്റൊരു ട്രെയിന്‍ ആണ് തിരികെ വാരാണസിയിലേക്കു പുറപ്പെടുക.

ദീര്‍ഘദൂര സര്‍വീസ് ആണെങ്കിലും രണ്ട് സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പ്രയാഗ്രാജ് ജങ്ഷന്‍, കാണ്‍പൂര്‍ സെന്‍ട്രല്‍ എന്നീ സ്റ്റേഷനുകളില്‍ മാത്രം. വരാണസിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് എസി ചെയര്‍ കാര്‍ സീറ്റില്‍ യാത്ര ചെയ്യാന്‍ 1795 രൂപയാണ് ടിക്കറ്റ് നിരക്ക്. അതേസമയം, എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ സീറ്റിന് 3320 രൂപയാണ് നിരക്ക്.