ജെറുസലേം: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി പാലസ്തീന് ഭീകര സംഘടനയായ ഹമാസ് സ്ഥിരീകരിച്ചു.
ഹമാസ് നേതാവായ ഫത്തേ ഷെരീഫ് അബു എല്‍-അമീനാണ് കൊല്ലപ്പെട്ടത്. എല്‍-അമീനൊപ്പം ഭാര്യയും മകനും മകളും അടങ്ങുന്ന കുടുംബവും കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ടയര്‍ നഗരത്തിലെ പലസ്തീന് അഭയാര്‍ത്ഥി ക്യാമ്പിനുള്ളിലെ ഇവരുടെ വീടിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പാലസ്തീനില്‍ (പിഎഫ്എല്‍പി) അംഗങ്ങളായ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. ബെയ്റൂട്ടിലെ കോല ജില്ലയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ മുകള്‍ നിലയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് മൂന്ന് പേര് മരിച്ചത്. ഹമാസിനൊപ്പം ചേര്‍ന്ന് ഇസ്രായേലിനെതിരെ പോരാടുന്ന പ്രതിരോധ ഗ്രൂപ്പാണ് പിഎഫ്എല്‍പി.
ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. എന്നാല്‍ വടക്കന്‍ ഇസ്രായേലിനെ വീണ്ടും സുരക്ഷിതമാക്കാനും അതിലെ പൗരന്മാരെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ പ്രാപ്തമാക്കാനുമുള്ള നടപടികള്‍ തുരുമെന്ന് ഇസ്രയേല്‍ അറിയിച്ചു.
ഇറാന് പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ലെബനനിലെ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ തിങ്കളാഴ്ചയും ആക്രമണം തുടര്‍ന്നു. ഹിസ്ബുള്ള തലവന്‍ നസ്റല്ല, സെന്‍ട്രല്‍ കൗണ്‍സിലിന്റെ ഉപ മേധാവി നബീല്‍ കൗക്ക്, മുതിര്‍ന്ന കമാന്‍ഡര്‍ അലി കരാക്കി എന്നിവരുടെ മരണത്തെത്തുടര്‍ന്നുള്ള ഞെട്ടല്‍ ഹിസ്ബുള്ള കേന്ദ്രങ്ങളെ ഇനിയും വിട്ടിട്ടില്ല.