ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. ഹാമസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോല്‍പ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഖമേനി പൊതുപ്രസംഗം നടത്തുന്നത്. ഇസ്രയേലിനെതിരെ വന്‍ മിസൈല്‍ ആക്രമണത്തിന് ശേഷമാണ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും രാജ്യത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു പൊതു പ്രഭാഷണം നടത്താനും എത്തിയത്.

ഇതിനിടെ ലെബനനിലെ കരയുദ്ധം ഇസ്രയേല്‍ കൂടുതല്‍ വ്യാപിപ്പിച്ചു. ഹിസ്ബുള്ള നേതാക്കളെ ഉന്നം വച്ച് നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമായക്കിയത്. തെക്കന്‍ ലെബനനില്‍ വ്യാഴാഴ്ച 15 ഹിസ്ബുള്ള അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ബിന്ത ജെബീലിലെ മുനിസിപ്പല്‍ കെട്ടിടത്തിനുനേരേയുണ്ടായ ആക്രമണത്തിലാണ് ഇവര്‍ മരിച്ചത്. ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.

മൂന്നുമാസംമുന്‍പ് നടത്തിയ ആക്രമണത്തിലൂടെ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റാഹ്വി മുഷ്താഹയെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരായ സമേഹ് അല്‍ സിറാജ്, സമി ഔദേഹ് എന്നിവരെയും വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു. വടക്കന്‍ ഗാസയിലെ ഭൂഗര്‍ഭ അറയില്‍ ഒളിച്ചുകഴിമ്പോഴാണ് ഇവരെ ഇല്ലാതാക്കിയതെന്ന് സൈന്യം അറിയിച്ചു. ഹമാസിന്റെ രാഷ്ട്രീയകാര്യത്തലവന്‍ യഹ്യ സിന്‍വറുമായി ഏറ്റവും അടുപ്പമുള്ളയാളാണ് മുഷ്താഹ. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളാണ് സിന്‍വര്‍. ഇയാള്‍ ഗാസയില്‍ ഒളിച്ചുകഴിയുന്നുണ്ടെന്നാണ് വിശ്വാസം.