ഡൽഹി: യാത്രക്കാരിയുടെ ലഗേജ് എത്തിക്കാൻ വൈകിയതിന് ഇത്തിഹാദ് എയർവേയ്സ് 75,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃകോടതിയുടെ വിധി. വിമാനക്കമ്പനിയുടെ സേവനത്തിൽ വീഴ്ച വന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. എന്നാൽ തന്റെ ബാഗിലാണ്ടായിരുന്ന 30 ലക്ഷം രൂപയും 30 ഗ്രാം സ്വർണവും നഷ്ടപ്പെട്ടെന്ന ആരോപണം കോടതി തള്ളി.

ആശ ദേവി എന്ന യാത്രക്കാരിയാണ് പരാതി നൽകിയത്. സ്വീഡനിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്ത തന്റെ ചെക്ക് ഇൻ ബാഗേജ് നഷ്ടപ്പെട്ടു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. പിന്നീട് ദിവസങ്ങൾക്ക് ശേഷം ലഗേജ് വിമാനക്കമ്പനി എത്തിച്ചുതന്നു. എന്നാൽ ബാഗിനുള്ളിൽ 30 ലക്ഷം രൂപയും 30 ഗ്രാം സ്വർണവും ഉണ്ടായിരുന്നുവെന്നും ബാഗ് തിരികെ കിട്ടിയപ്പോൾ അത് നഷ്ടമായെന്നും ഇവർ ആരോപിച്ചു.

സ്വീഡനിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബെർലിനിലും അബുദാബിയിലും ഇറങ്ങിയിരുന്നു. ബെർലിനിൽ ഇറങ്ങിയ സമയത്ത് ടിക്കറ്റ് ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്തു നൽകി. ഈ സമയത്താണ് ഇവരുടെ ഹാന്റ് ബാഗ് കൈകാര്യം ചെയ്യുന്നതിൽ കമ്പനിക്ക് വീഴ്ചയുണ്ടായി. ഡൽഹിയിൽ എത്തിയപ്പോൾ ലഗേജ് അവിടെ എത്തിയിരുന്നില്ല. 

ഡൽഹി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് പരാതി പരിഗണിച്ചത്. ലഗേജ് എത്തിക്കുന്നതിൽ കാലതാമസം ഉണ്ടായത് കമ്പനിയുടെ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി. ഇത് കാരണം ഉപഭോക്താവിന് പ്രയാസമുണ്ടായതിന് പകരം നഷ്ടപരിഹാരം നൽകണം. നഷ്ടമായ ലഗേജ് പരാതിക്കാരിയുടെ വിലാസത്തിൽ കമ്പനി എത്തിച്ചുകൊടുത്തെങ്കിലും കമ്പനിയുടെ സേവനത്തിൽ വീഴ്ചയുണ്ടായതിന് പകരം 75,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കമ്മീഷൻ വിധിക്കുകയായിരുന്നു.

എന്നാൽ ബാഗിൽ നിന്ന് പണവും സ്വർണവും നഷ്ടപ്പെട്ടെന്ന വാദം കമ്മീഷൻ അംഗീകരിച്ചില്ല. ഇത്തരം വിലപ്പെട്ട സാധനങ്ങൾ ബാഗിലുള്ള വിവരം വിമാനത്താവളത്തിൽ വെച്ച് പരാതിക്കാരി വെളിപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. അതുകൊണ്ടു തന്നെ അത്തരം സാധനങ്ങൾ ഉണ്ടായിരുന്നെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.