തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വിജയത്തിന് കാരണമായത് യു.ഡി.എഫ്. വോട്ടുകളാണെന്ന് ആവര്‍ത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പിയുടെ വിജയത്തിന് ഇടതുപക്ഷം കളമൊരുക്കി എന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം എ.കെ.ജി സെൻ്ററിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“രാജ്യത്തിന് തന്നെ മാതൃകയായ പോലീസ് സേനയാണ് കേരളത്തിലുള്ളത്. അഴിമതിമുക്തമായ ഒരു പോലീസ് സംവിധാനം കേരളത്തില്‍ നിലനില്‍ക്കണം. പോലീസ് സംവിധാനത്തെ ജനകീയസേന എന്ന രീതിയില്‍ മാറ്റുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. മുമ്പ് പിണറായിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വിമർശനം ചിരിക്കുന്നില്ല എന്നതായിരുന്നു. ഇന്നലത്തെ വിമർശനം എന്തൊരു ചിരിയാ ഇത് ചിരിയാണോ എന്നാണ്.” എംവി ഗോവിന്ദൻ പറഞ്ഞു.

മതരാഷ്ട്രവാദത്തിനെതിരേ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതിനാല്‍ മതേതരവാദികള്‍ക്കിടിയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും വലിയ അംഗീകാരം മുഖ്യമന്ത്രിക്കുണ്ട്. ഇതില്ലാതാക്കാനാണ് സി.പി.എം-ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്നത്. ഇതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണ്. ആര്‍.എസ്.എസിന്റെയും ഏറ്റവും വലിയ ശത്രുക്കള്‍ കമ്മ്യൂണിസ്റ്റുകളാണ്. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിര ക്യാപെയിന്‍ ഏറ്റെടുക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.