മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് അനുകൂല വിധി. സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു.
കേസിനുപിന്നിൽ ഗുഢാലോചനയുണ്ടെന്നും സി പി എമ്മിൻ്റേയും കോൺഗ്രസിൻ്റേയും ലീഗിൻ്റേയും നേതാക്കൾ പങ്കാളികളായെന്നുമാണ് വിധി പ്രസ്താവത്തിന് പിന്നാലെ കെ സുരേന്ദ്രൻ പറഞ്ഞത്. എൽ ഡി എഫിന് വേണ്ടി ഇവിടെ മത്സരിച്ച വിവി രമേശ് കൊടുത്ത കേസാണ്. സുന്ദര കൊടുത്ത കേസല്ല. പിന്നീട് സുന്ദരയെ വിളിച്ച് കേസിന്റെ ഭാഗമാക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ നിന്ന് എന്നെ എന്നെന്നേക്കുമായി അയോഗ്യനാക്കാൻ വേണ്ടിയും ബിജെപിയെ താറടിച്ചു കാണിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു കള്ളക്കേസ് ഇവിടെ കെട്ടിച്ചമച്ചത്. വലിയ ഗൂഢാലോച നടന്നിട്ടുണ്ട്. സിപിഎമ്മിൻ്റേയും കോൺഗ്രസിൻ്റേയും ലീഗിൻ്റേയും നേതാക്കൾ ഇതിൽ പങ്കാളിയായിട്ടുണ്ട്.