ന്യൂയോർക്ക്: ശ്രീഗുരുവായൂരപ്പൻ ക്ഷേത്രവും എംഡി ആൻഡേഴ്സൺ കാൻസർ റിസേർച്ച് സെന്ററും ചേർന്ന് സംഘടിപിച്ച ബ്ലഡ് ഡോണേഷൻ ക്യാമ്പ് “മാനവ സേവ മാധവ സേവ “എന്ന തത്വം അന്വർഥമാക്കി.
കെഎച്ച്എസും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവും ചേർന്ന് നടത്തുന്ന നിരവധി സേവനപ്രവർത്തനങ്ങളുടെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു ഈ ക്യാമ്പ്. ക്ഷേത്ര പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ മൊബൈൽ ബ്ലഡ് ഡോണേഷൻ യൂണിറ്റിൽ ആണ് ക്യാമ്പ് ഒരുക്കിയിരുന്നത്.
നിരവധി പേരാണ് ഈ മാനവ സേവയിൽ പങ്കുചേർന്നത്. കേട്ടറിഞ്ഞും കണ്ടറിഞ്ഞും ഈ സേവാ പ്രവർത്തനത്തിൽ പങ്കാളിക്കളവാൻ ആളുകൾ എത്തിച്ചേർന്നു. അതിരാവിലെ തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് ശേഷവും നീണ്ടു നിന്നു.
30 തോളം ആൾക്കാരിൽനിന്നും രക്തം ശേഖരിക്കാൻ കഴിഞ്ഞു എന്നത് ഒരു വലിയ വിജയമാണ് എന്ന് എംഡി ആൻഡേഴ്ൺ ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷണമൊരുക്കുന്നതിനും മറ്റു സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിനുമായി സന്നദ്ധപ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചു.
രക്തദാനമാണ് ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തരമായ സേവനം എന്ന് പ്രസ്തുത ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ച കെഎച്ച്എസ് പ്രസിഡന്റ് സുനിൽ നായർ അഭിപ്രായപ്പെട്ടു. എംഡി ആൻഡേഴ്ൺ കാൻസർ സെന്ററുമായി സഹകരിച്ചു ഈ ഡോണേഷൻ ക്യാമ്പ് സംഘടിപ്പിക്കാൻ ട്രഷർ ശ്രീകല നായർ, ബോർഡ് മെമ്പർ ശ്രീജിത്ത് നമ്പൂതിരി എന്നിവർ മുൻകൈ എടുത്തു.