ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ഇസ്രയേൽ കടുപ്പിച്ചിരിക്കുകയാണ്. ഹിസ്ബുള്ള തലവൻ ഹസൻ നസറല്ലയുടെ വധത്തിന് പിന്നാലെ ലെബനനിൽ കരയുദ്ധം ആരംഭിച്ച ഇസ്രയേൽ ഇപ്പോൾ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകളിലും വാക്കിടോക്കികളിലും സ്ഫോടനം നടത്തി മാനസിക ആധിപത്യം നേടിയായിരുന്നു ഇസ്രയേൽ ഹിസ്ബുള്ളയെ നിർവീര്യമാക്കാനുള്ള ലക്ഷ്യത്തിന് തുടക്കം കുറിച്ചത്. 

സെപ്റ്റംബർ 17,18 തീയതികളിലായിരുന്നു ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളിലും വാക്കി-ടോക്കികളിലും സ്ഫോടനം നടന്നത്. സ്ഫോടന പരമ്പരയിൽ 30-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേലിൻ്റെ ദീർഘകാലമായുള്ള ഏകോപിത ആസൂത്രണത്തിൻ്റെ ഭാഗമായിരുന്നു ഈ സ്ഫോടനപരമ്പരകളെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഇസ്രായേൽ വിവേകപൂർവ്വം ഈ ഉപകരണങ്ങൾ ബൂബി-ട്രാപ്പ് ചെയ്തതെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ബോംബ് പോലെ അപകടകരമായ എന്തെങ്കിലും വസ്തു സുരക്ഷിതമെന്ന് തോന്നുന്ന നിലയിൽ എവിടെയെങ്കിലും മറച്ചുവെയ്ക്കുന്നതിനെയാണ് ബൂബി-ട്രാപ്പ് എന്ന് പറയുന്നത്. പൊട്ടിത്തെറിക്കാനുള്ള കഴിവ് നിലനിർത്തിക്കൊണ്ടുതന്നെ ഇത്രയും കാലം ഇസ്രയേൽ ഇവയെ വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

ഇസ്രയേലി ചാരസംഘടനയായ മോസാദ് ബൂബി-ട്രാപ്പ് പദ്ധതിയുടെ ആദ്യഘട്ടം 2015ൽ തന്നെ ആരംഭിച്ചിരുന്നുവെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായ ഉപകരണങ്ങൾ ആ കാലത്ത് തന്നെ മെസാദ് ലെബനനിലേയ്ക്ക് അയച്ചിരുന്നത്രെ! ആദ്യഘട്ടത്തിൽ വാക്കിടോക്കികളെ പിന്നീട് പ്രയോജനപ്പെടുത്താവുന്ന ബോംബ് ഓപ്ഷനുകളായി മൊസാദ് ഒൻപത് വർഷം കരുതിവെച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏതാണ്ട് രണ്ട് വർഷം മുമ്പ് മാത്രമാണ് ശക്തമായ സ്ഫോടക വസ്തുക്കൾ നിറച്ച പേജറിൻ്റെ സാധ്യത മൊസാദ് ഉപയോഗപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.